കൊൽക്കത്ത: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുമെന്ന കോൺഗ്രസ് പാർട്ടിയുടെ ശുഭാപ്തി വിശ്വാസം അസ്ഥാനത്തായിപ്പോയെന്ന് അദ്ദേഹം പരിഹസിച്ചു.
യഥാർത്ഥ വിജയം എന്നത് തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തുക എന്നതാണ്. അല്ലാതെ എപ്പോഴും പ്രതിപക്ഷ നേതാവായി തുടരുന്നതല്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
“തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ പാർലമെന്റിൽ പറയുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ ബിജെപിയെ പരാജയപ്പെടുത്തിയെന്നാണ്. അദ്ദേഹത്തോട് എനിക്ക് പറയാനുള്ളത് ഇതാണ്. വിജയികൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രതിപക്ഷ കസേരയിൽ പോയിരിക്കില്ല,” അമിത് ഷാ പറഞ്ഞു.
രാഹുൽ ബാബയും മമതാ ബാനർജിയുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കൂട്ടുകാരും (INDI സഖ്യം) ദിവാസ്വപനം കണ്ടിരുന്നു. മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും ഒഡീഷയിലെയും തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചു. മൂന്നാം തവണയും ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിച്ചു. ജാർഖണ്ഡിലും മഹാരാഷ്‌ട്രയിലും സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“തെരഞ്ഞെടുപ്പിൽ 240 സീറ്റുകൾ നേടിയിട്ടും കോൺഗ്രസ് ഞങ്ങളെ കളിയാക്കുകയാണ്. 2014, 2019, 2024 ഈ മൂന്ന് വർഷത്തെ തെരഞ്ഞെടുപ്പുകളിൽ അവർ നേടിയ സീറ്റുകൾ ചേർത്തുവച്ചാൽ പോലും 240 തികയ്‌ക്കാനാവില്ല,” അമിത് ഷാ പറഞ്ഞു. കൊൽക്കത്തയിലെ ബിജെപി മെമ്പർഷിപ്പ് ഡ്രൈവ് ഉദ്‌ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.















