ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ എട്ടാം പതിപ്പിന് തുടക്കമായി.ഒരു മാസക്കാലം എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിന് മാറ്റിവെക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു മാസം നീണ്ടു നിൽക്കുന്ന വ്യായാമ ബോധവത്കരണ പരിപാടി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയമാണ്.
കുറഞ്ഞ സമയത്തിനുള്ളിൽ ലളിതമായി ചെയ്യാനാവുന്ന വ്യായാമങ്ങൾ ശീലമാക്കുന്നതോടെ ജീവിതശൈലി രോഗങ്ങൾ കുറക്കാനാവുമെന്നും എല്ലാവർക്കും ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജീവിതം സാധ്യമാക്കാമെന്നുമുള്ള സന്ദേശമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്. ചലഞ്ചിന്‍റെ എട്ടാം എഡിഷനാണ് തുടക്കമാകുന്നത്. നവംബർ 24-വരെ ഒരു മാസക്കാലയളവ് നീണ്ടുനിൽക്കുന്ന പരിപാടിയിൽ എല്ലാ ദിവസവും 30 മിനിറ്റ് സമയം വ്യായായമത്തിന് വേണ്ടി ചെലവഴിക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്.
ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും അരങ്ങേറും.ക്ലാസുകൾ, സെമിനാറുകൾ, ദുബായിലെ വിവിധ മേഖലകളിൽ ഫിറ്റ്നസ് വില്ലേജുകൾ എന്നിവയും ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം 2017ൽ ആരംഭിച്ച പരിപാടിയാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച്.











