അശ്വിന മാസത്തിലെ കൃഷ്ണ പക്ഷ ത്രയോദശിയാണ് (പൂർണ്ണിമാന്ത മാസ സംബ്രദായമനുസരിച്ച് ഇത് കാർത്തിക മാസത്തിൽ ) ധൻ തേരസ് ആയി ആഘോഷിക്കുന്നത്. ദേവന്മാരും അസുരന്മാരും കൂടി അമൃതിനായി പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്ന് അമൃത കുംഭവുമായി ഭഗവാൻ ധന്വന്തരി ഉയർന്നു വന്നതിനെ അനുസ്മരിപ്പിച്ചു കൊണ്ടാണ് അന്നേ ദിവസം ധന്വന്തരി ജയന്തി ആചരിക്കുന്നത് .
പാലാഴി കടഞ്ഞപ്പോഴാണ് കാമധേനുവും ഉയർന്നു വന്നത്. അതിനെ പ്രതീകവൽക്കരിച്ചു കൊണ്ട് ധൻ തേരസിന് ഒരു ദിവസം മുൻപ് അതായത് അശ്വിന/ കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷ ദ്വാദശി ഗോവത്സ ദ്വാദശിയായി ആഘോഷിക്കുന്നു.
എല്ലാ ദേവീദേവന്മാരും ഗോമാതാവിൽ കുടികൊള്ളുന്നുവെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാൽ പശുവിനെ ആരാധിക്കുന്നതിലൂടെ ദേവീദേവന്മാരെ പ്രീതിപ്പെടുത്തുക മാത്രമല്ല, പൂർവികരുടെ അനുഗ്രഹവും ലഭിക്കും. ഭവിഷ്യപുരാണമനുസരിച്ച്, പശുവിന്റെ പിൻഭാഗത്ത് ബ്രഹ്മാവും, കഴുത്തിൽ വിഷ്ണുവും, വായിൽ രുദ്രനും, എല്ലാ ദേവീദേവന്മാരും മധ്യഭാഗത്തും, അനന്തൻ വാലിൽ, എല്ലാ മലകളും പർവ്വതങ്ങളും കുളമ്പുകളിൽ , സൂര്യനും ചന്ദ്രനും കണ്ണിലും കുടികൊള്ളുന്നു.
ഗോവത്സ ദ്വാദശി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിൽ ഗോവത്സ ദ്വാദശി വാസു ബാരസ് എന്നും ഗുജറാത്തിൽ വാഗ് ബരാസ് അല്ലെങ്കിൽ ബച്ച് ബരാസ് എന്നും അറിയപ്പെടുന്നു, ആന്ധ്രാപ്രദേശിൽ ഇത് പൊതുവെ ശ്രീപാദ വല്ലഭ ആരാധന ഉത്സവം എന്നും നന്ദിനി വ്രതം എന്നും അറിയപ്പെടുന്നു.
ഈ ദിവസം ഹിന്ദു സംസ്കാരത്തിൽ സമൃദ്ധിയുടെ പ്രതീകമായി കരുതുന്ന പശുക്കളെയും പശുക്കിടാക്കളെയും ആരാധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ശൈവ പാരമ്പര്യത്തിൽ അങ്ങേയറ്റം പവിത്രമായി കണക്കാക്കപ്പെടുന്ന നന്ദിയെയും നന്ദിനിയെയും ഈ ദിവസം ആളുകൾ പരിപാലിക്കുന്നു. ഭൂമിയിൽ മനുഷ്യജീവിതം നിലനിർത്തുന്നതിൽ ഏറെ സംഭാവനചെയ്ത പശുക്കൾക്കുള്ള നന്ദി പ്രകടിപ്പിക്കുന്നതിനുള്ള പ്രത്യേക ദിവസമാണ് നന്ദിനി വ്രതം. അതിനാൽ പശുക്കളെയും പശുക്കിടാക്കളെയും ആരാധിക്കുകയും ഗോതമ്പ്/ അരി ഭക്ഷണം നൽകുകയും ചെയ്യുന്നു. ഈ ദിവസം ആരാധകർ ഗോതമ്പും/ അറിയും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് ഒഴിവാക്കുന്നു.ഗോവത്സ ദ്വാദശിയുടെ പ്രാധാന്യം ഭവിഷ്യ പുരാണത്തിലാണ് പറയുന്നത്. ഈ വ്രതമനുഷ്ഠിക്കുന്നത് വഴി ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം.
ഗോവത്സ ദ്വാദശി ആദ്യമായി വ്രതാനുഷ്ഠാനത്തോടെ ആചരിച്ചത് സ്വയംഭുവ മനുവിന്റെ മകൻ ഉത്താനപാദ രാജാവും അദ്ദേഹത്തിന്റെ ഭാര്യ സുനിതിയും ആണെന്ന് പുരാണങ്ങളിൽ കാണാം. അവരുടെ പ്രാർത്ഥനയും ഉപവാസവും കാരണം അവർക്ക് ധ്രുവൻ എന്നൊരു പുത്രൻ ജനിച്ചു .
പശുക്കളെ വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് അലങ്കരിക്കുന്നതും അവരുടെ നെറ്റിയിൽ തിലകം ചാർത്തി ആരാധിക്കുന്നതും ഈ വ്രതാനുഷ്ഠാനത്തിലെ പ്രത്യേകതയാണ്. പൂർണ്ണിമാന്ത പാരമ്പര്യമനുസരിച്ച് എല്ലാ വർഷവും കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ദ്വാദശിയിലാണ് ഗോവത്സ ദ്വാദശി ആഘോഷിക്കുന്നത്. ഈ വർഷം ഒക്ടോബർ 28 നാണ് ഉത്സവം ആഘോഷിക്കുന്നത്
പശുക്കളെയും പശുക്കിടാക്കളെയും കുളിപ്പിച്ച് വസ്ത്രങ്ങളും പൂമാലകളും അണിയിച്ച് നെറ്റിയിൽ വെണ്ണീർ/മഞ്ഞൾപ്പൊടി പുരട്ടും. ആളുകൾ ചെളി ഉപയോഗിച്ച് പശുക്കളുടെ രൂപം ഉണ്ടാക്കി പ്രതീകാത്മകമായി അണിയിച്ചൊരുക്കി അലങ്കരിക്കുന്നു. സ്ത്രീകൾ തങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി നന്ദിനി വ്രതം ആചരിക്കുന്നു. അന്നേ ദിവസം മദ്യപാനവും അമിതഭക്ഷണവും ഒഴിവാക്കുകയും ചെയ്യുന്നു.