ന്യൂഡൽഹി: ടാറ്റ എയർക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് നിർവഹിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സി-295 വിമാനങ്ങളുടെ നിർമ്മാണത്തിനായി പ്ലാന്റ് ഒരുക്കിയത്. ഇവിടെ നിർമ്മിക്കുന്ന ആദ്യത്തെ വിമാനം 2026ൽ പുറത്തിറങ്ങും.
ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ ക്യാമ്പസിലാണ് ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം ഒരുക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. 2021 ലാണ് പ്രതിരോധ മന്ത്രാലവും സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സ് എസ്. എയും തമ്മിൽ കരാർ ഒപ്പിട്ടത്. 21,935 കോടി രൂപയുടേതാണ് പ്രസ്തുത കരാർ.
2022 ഒക്ടോബറിലാണ് പ്രധാനമന്ത്രിയാണ് പ്ലാൻിന്റെ തറക്കലിടൽ നിർവഹിച്ചത്. പ്രതിരോധ മന്ത്രാലയം സി-295 പ്രോഗ്രാമിന് കീഴിൽ ആകെ 56 വിമാനങ്ങളാണ് വാങ്ങുന്നത്. അതിൽ 16 എണ്ണം വിമാന നിർമ്മാണ കമ്പനിയായ എയർബസ് സ്പെയിനിൽ നിന്ന് നേരിട്ട് വിതരണം ചെയ്യും. ബാക്കി 40 എണ്ണം ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സിൽ നിർമ്മിക്കും.
ഇന്ത്യൻ വ്യോമസേനയുടെ അവ്രോ-748 വിമാനങ്ങൾക്ക് പകരമായാണ് 10 ടൺ ശേഷിയുള്ള സി-295 വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ സേനയുടെ കൈവശം താരതമ്യേന വലുപ്പം കൂടിയ വിമാനങ്ങളാണുള്ളത്. പ്രതികൂല കാലവസ്ഥ ഇതിന് വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. എന്നാൽ സി-295 എത് കാലാവസ്ഥയിലും അനായാസേന ലക്ഷ്യ സ്ഥാനത്തെത്താൻ സാധിക്കും. .70 പട്ടാളക്കാര്‍ക്ക് ( 50 പാരാട്രൂപ്പ്) വരെ ഇതില്‍ യാത്ര ചെയ്യാനാകും. നിലവില്‍ വ്യോമസേനയുടെ ഭാഗമായ വിമാനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത തന്ത്രപ്രധാന മേഖലയിലേക്ക് സൈനികരെ എത്തിക്കാനും സഹായിക്കും. ദീര്‍ഘദൂരം പറക്കാനുള്ള ശേഷിയും ഇതിനുണ്ട്. മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗതയില്‍ 11 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ വിമാനത്തിന് സാധിക്കും. ദുരന്തമുഖങ്ങളിലും ഇത് പ്രയോജനം ചെയ്യും.
C -295-ന് പാരാ ഡ്രോപ്പിംഗിനായി റാംപ് ഡോറും സജ്ജീകരിച്ചിട്ടുണ്ട്. അതുപോലെ പൂര്‍ണസജ്ജമായ റണ്‍വേയും സി-295ന് ആവശ്യമില്ല. ചെറിയ റണ്‍വേയില്‍ പോലും പറയുന്നയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുമെന്നതിനാല്‍ സി-295 വിമാനം എത്തുന്നതോടെ വ്യോമസേന കൂടുതല്‍ ശക്തിപ്പെടും. വിമാനങ്ങളുടെ മിസൈൽ പ്രതിരോധ കവാചം( electronic warfare suit) ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും ചേർന്നാണ് നിർമ്മിക്കുന്നത്.