ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാളെ വധിച്ച് സുരക്ഷാ സേന. അഖ്നൂരിലെ ജോഗ്വാൻ മേഖലയിൽ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വകവരുത്തിയത്. അഞ്ച് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ഭീകരർ വെടിയുതിർത്തത്. ആംബുലൻസ് ഉൾപ്പടെയുള്ള സൈനിക വാഹനങ്ങൾക്ക് നേരെ നാലോളം പേർ 20 റൗണ്ട് വെടിവച്ചെന്നാണ് വിവരം. പ്രദേശത്തെ ഹാസൻ ക്ഷേത്രത്തിലെ വിഗ്രഹങ്ങളും ഭീകരർ തകർത്തിരുന്നു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു.