ജോജു ജോർജ് സംവിധാനം ചെയ്ത് തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പണി സിനിമയെ വാനോളം പുകഴ്‌ത്തി നടൻ ഹരീഷ് പേരടി. ജോജു എന്ന സംവിധായകൻ പണി തുടങ്ങിയിട്ടേയുള്ളൂവെന്നും സിനിമ കഴിഞ്ഞിറങ്ങിയിട്ടും കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ പിന്തുടരുന്നുവെന്നും ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.
പണി തിയേറ്ററിലെത്തി, ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഈ മാസം 24-ന് റിലീസ് ചെയ്ത ചിത്രം കളക്ഷനിൽ എട്ട് കോടിയലധികം സ്വന്തമാക്കിയിട്ടുണ്ട്. പ്രമുഖരായ നിരവധി സംവിധായകന്മാരും സിനിമാ മേഖലയിലെ ടെക്നീഷ്യന്മാരും ചിത്രത്തെ കുറിച്ചും താരങ്ങളുടെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പങ്കുവക്കുന്നത്. ഇതിനിടെയാണ് ജോജുവിനെ പ്രശംസിച്ച് ഹരീഷ് പേരടിയും രംഗത്തെത്തിയത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വർഷങ്ങൾക്ക് ശേഷം കോഴിക്കോട് വച്ച് ഒരു സിനിമ കാണുമ്പോൾ അതൊരു നല്ല സിനിമയാവണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം അതുപോലെതന്നെ സംഭവിച്ചു. പണി…അത് എല്ലാ അർത്ഥത്തിലും ഒരു ഒന്നൊന്നര പണിയാണ്. ജോജു എന്ന സംവിധായകൻ പ്രേക്ഷകന് തരുന്ന പണിയുടെ ആഴം സിനിമ കഴിഞ്ഞിറങ്ങിയിട്ടും നമ്മളെ പിൻതുടരുന്നുണ്ട്. Laurel and Hardy യെ വില്ലൻമാരാക്കിയാൽ എങ്ങിനെയുണ്ടാവും എന്ന ചിന്തയിൽ നിന്നാണോ ജുനൈസിനും സാഗറിനും അഴിഞ്ഞാടാൻ അവസരം ഒരുങ്ങിയത് എന്ന് സിനിമ കണ്ടപ്പോൾ തോന്നിപോയി. ഇത് അവരുടെ സിനിമയാണ്. അവരുടെ മാത്രമല്ല ഡേവി എന്ന കഥാപാത്രത്തെ തന്റെ ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാതെ തന്റെ ഇരുപത്തിയഞ്ചാമത്ത സിനിമയാണെന്ന് തോന്നിപ്പിച്ച നടൻ ബോബിയുടെ സിനിമയാണ്.
മലയാള സിനിമയ്‌ക്ക് ഇനിയും ബോൾഡായ സംഭാവനകൾ നൽകാൻ ഞാൻ റെഡിയാണ് എന്ന് ഉറക്കെ പറയുന്ന സീമ ചേച്ചിയുടെ സിനിമയാണ്. അഭിനയയുടെ, പ്രശാന്തിന്റെ, സുജിത്തിന്റെ, വെട്ടുക്കാരൻ സുനിയെ പോലെയുള്ള പേരറിയാത്ത ഒരുപാട് നടീ നടൻമാരുടെ പരകായപ്രവേശത്തിന്റെ സിനിമയാണ്. തൃശൂരിലെ മ്മ്ടെ ഗിരിയുടെ സിനിമയാണ്. കാരണം ജോജുവിനെ കാണാനില്ല ഗിരിയെ മാത്രമേ കാണുന്നുള്ളു. ഒന്ന് ഉറപ്പാണ് ജോജു എന്ന സംവിധായകൻ പണി തുടങ്ങിയിട്ടേയുള്ളു. വലിയ പണികൾ വരാനിരിക്കുന്നുണ്ട് എന്ന ഒന്നൊന്നര ഓർമ്മപ്പെടുത്തൽ- എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചത്.















