മനാമ: സോപാനം വാദ്യകലാ സംഘവും കോൺവെക്സ് ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സോപാനം വാദ്യസംഗമം നവംബർ 22-ന് ജുഫൈർ അൽ നജ്മ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാരൂപങ്ങളും വാദ്യസംഗമത്തിൽ അരങ്ങേറുന്നു എന്നത് ഈ വർഷത്തെ പ്രത്യേകതയാണ്.
സോപാനസംഗീതത്തെ ജനകീയമാക്കിയ സംഗീതജ്ഞൻ സോപാനരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ 51 കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന സോപാനസംഗീതവും നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ പാരമ്പര്യവും സാംസ്കാരിക തനിമയും പ്രകടിപ്പിക്കുന്ന കലാരൂപങ്ങളുടെ അവതരണത്തോടെ കലാപരിപാടികൾ ആരംഭിക്കും.
മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവർ നയിക്കുന്ന തൃത്തായമ്പക അരങ്ങേറും. വർണാഭമായ ഘോഷയാത്രയും ഔപചാരിക ഉദ്ഘാടനവും നടക്കും.
നടൻ മനോജ് കെ. ജയൻ, കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ചെറുതാഴം കുഞ്ഞിരാമ മാരാർ, വീരശൃംഖല ജേതാവ് കാഞ്ഞിലശേരി പത്മനാഭൻ, സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ, പുല്ലാങ്കുഴൽ വിദ്വാൻ രാജേഷ് ചേർത്തല എന്നിവർ മുഖ്യസാന്നിധ്യമാകും.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ 250-ൽപരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരി മേളം അരങ്ങേറും. കേരളത്തിൽ നിന്ന് മട്ടന്നൂരിന്റെ നേതൃത്വത്തിൽ 30-ലധികം കലാകാരന്മാർ വാദ്യസംഗമത്തിനായി എത്തിച്ചേരും. ലോകപ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തല നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ പ്രത്യേക വാദ്യസംഗീത സമന്വയം പരിപാടിയിൽ കേരളത്തിലെ പ്രഗത്ഭരായ വാദ്യസംഗീത കലാകാരന്മാർ പങ്കെടുക്കും.
38-ലധികം കലാകാരന്മാരും കലാകാരികളും മേളത്തിലും സോപാനസംഗീതത്തിലുമായി ഇത്തവണ അരങ്ങേറും. പരിപാടി ആസ്വദിക്കുന്നതിന് ഫീസോ എൻട്രി പാസോ ഉണ്ടായിരിക്കില്ല. പ്രവേശനം സൗജന്യമാണെന്ന് സംഘാടക സമിതി അറിയിച്ചു.
വാർത്തസമ്മേളനത്തിൽ കോൺവെക്സ് മീഡിയ എം.ഡി അജിത്ത് നായർ, സോപാനം ഡയറക്ടർ സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ, വാദ്യസംഗമം ചെയർമാൻ ചന്ദ്രശേഖരൻ, കൺവീനർ ജോഷി ഗുരുവായൂർ, ട്രഷറർ രാജേഷ് മാധവൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ ശശികുമാർ, കൺവീനർ രൂപേഷ് ഊരാളുങ്കൽ, സോപാനം കോഓഡിനേറ്റർ വിനീഷ് സോപാനം എന്നിവർ പങ്കെടുത്തു.