ന്യൂയോർക്ക്: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്തോ-അമേരിക്കൻ കോൺഗ്രസ് പ്രതിനിധികളും, എക്‌സിക്യുട്ടീവുകളും ഇന്തോ-അമേരിക്കൻ വംശജരും ഉൾപ്പെടെ 600ഓളം പേരെ ചടങ്ങിൽ ജോ ബൈഡൻ അഭിസംബോധന ചെയ്തു. പ്രഥമ വനിത ജിൽ ബൈഡനൊപ്പം ചേർന്ന് ബ്ലൂ റൂമിലെ ദീപാവലി വിളക്ക് കൊളുത്തിക്കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ദീപാവലി ദിവസവും വൈറ്റ്ഹൗസിൽ ആഘോഷ പരിപാടികൾ നടക്കും.
പ്രസിഡന്റ് എന്ന നിലയിൽ വൈറ്റ് ഹൗസിലെ ഏറ്റവും മികച്ച ദീപാവലി ആഘോഷങ്ങൾ നടത്താൻ തനിക്ക് സാധിച്ചുവെന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് ജോ ബൈഡൻ പറഞ്ഞു. കമല ഹാരിസിൽ തുടങ്ങി തന്റെ അംഗങ്ങളിൽ പലരും ഇന്ത്യൻ ബന്ധമുള്ളവരാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഈ വർഷം നവംബർ അഞ്ചിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡൻ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ നടക്കുന്ന അവസാനത്തെ ദീപാവലി ആഘോഷം കൂടിയാണിത്.
2016ൽ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ആദ്യമായി ദീപാവലി ആഘോഷിച്ച അവസരത്തേയും ജോ ബൈഡൻ അനുസ്മരിച്ചു. അമേരിക്കയിൽ വൈവിധ്യപൂർണമായ സംസ്‌കാരം ആഘോഷിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപങ്ങൾ കൊളുത്തുന്നതിന് പുറമെ സംഗീത, നൃത്ത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിൽ സംഘടിപ്പിക്കുന്നുണ്ട്. 2003ൽ അന്നത്തെ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കാലത്താണ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കാൻ ആരംഭിച്ചത്.















