ന്യൂഡൽഹി: ദേശീയ ആയുർവേദ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരമ്പര്യ വൈദ്യശാസ്ത്ര രീതികൾ മനുഷ്യരാശിയുടെ ആരോഗ്യജീവനത്തിന് സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒൻപതാമത് ദേശീയ ആയുർവേദ ദിനമാണ് രാഷ്‌ട്രം ഇന്ന് ആഘോഷിക്കുന്നത്. ധന്വന്തരി ജയന്തി ദിനമാണ് ആയുർവേദ ദിനമായി ആചരിക്കുന്നത്.
” രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആയുർവേദ ദിനത്തിൽ ആശംസകൾ അറിയിക്കുകയാണ്. ധന്വന്തരി ദേവന്റെ ജന്മദിനത്തിലെ ഈ ആഘോഷം നമ്മുടെ സംസ്‌കാരവുമായും, ആയുർവേദം ആരോഗ്യ മേഖലയ്‌ക്ക് നൽകിയ സംഭാവനകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ആയുർവേദത്തിന്റെ പ്രാധാന്യം ഇന്ന് ലോകം മുഴുവൻ അംഗീകരിക്കുന്നുണ്ട്. ഭാരതത്തിന്റെ പുരാതനമായ ഈ ചികിത്സാ രീതി മനുഷ്യരാശിയുടെ മുഴുവൻ ആരോഗ്യസൗഖ്യത്തിന് പ്രയോജനപ്രദമായ രീതിയിലേക്ക് മാറുമെന്ന് ആത്മവിശ്വാസമുണ്ടെന്നും” പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 12,850 കോടി രൂപയുടെ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയുർവേദ രംഗത്തെ വിദഗ്ധർ ഉൾപ്പെടെ ചടങ്ങിന്റെ ഭാഗമാകും. ആയുർവേദ മേഖലയ്‌ക്ക് പുതിയ ഉത്തേജനം പകരുന്ന പദ്ധതികളാണ് തുടങ്ങുന്നതെന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് ആയുഷ് മന്ത്രാലയത്തിന്റെ ഉപദേഷ്ടാവും ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഡയറക്ടറുമായ ഡോ. മനോജ് നെസാരി പറഞ്ഞു.
ആരോഗ്യ സംരക്ഷണ മേഖലയിൽ ആയുർവേദത്തിനുള്ള പ്രസക്തിയാണ് ഇവിടെ ഉയർത്തിക്കാട്ടപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. ആയുർവേദവുമായി ബന്ധപ്പെട്ടുള്ള സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നത് കൂടുതൽ യുവാക്കളെ ഈ രംഗത്തേക്ക് ആകർഷിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016മുതലാണ് രാജ്യത്ത് ആയുർവേദ ദിനം ആഘോഷിച്ച് തുടങ്ങിയത്.