അതിജീവനത്തിന്റെ നേർസാക്ഷ്യമാണ് ശ്രുതി.. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പ്രചോദനമാണ് അവളുടെ ഉയർത്തെഴുന്നേൽപ്പ്. അതുകൊണ്ട് തന്നെയാണ് ‘ട്രൂത്ത് മാംഗല്യം’ സമൂഹവിവാഹത്തിൽ വിശിഷ്ടാതിഥിയായി എത്താൻ ശ്രുതി തന്നെ വേണമെന്ന് നടൻ മമ്മൂട്ടി ആവശ്യപ്പെട്ടത്. അവൾ വന്നു, വേദിയിലെത്തിയ ശ്രുതിയെ മമ്മൂക്ക ചേർത്തുപിടിച്ചു, ശ്രുതിക്കും ജെൻസണിനും വേണ്ടി കരുതിവച്ചതെല്ലാം ശ്രുതിക്ക് തന്നെ മമ്മൂക്ക കൈമാറി. മലയാളികളെ മുഴുവൻ സന്തോഷത്താൽ ഈറനണിയിപ്പിച്ച മുഹൂർത്തങ്ങൾക്ക് ആ സമൂഹവിവാഹവേദി സാക്ഷിയായി.
40 യുവതി യുവാക്കളുടെ വിവാഹം നടത്തുന്ന ചടങ്ങായിരുന്നു ട്രൂത്ത് മാംഗല്യം. ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂട്ടിയുടെ സുഹൃത്തുമായ സമദാണ് ചടങ്ങിന് നേതൃത്വം വഹിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതിന് പിന്നാലെ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട ശ്രുതിയെ ജെൻസൺ ചേർത്തുനിർത്തിയ വാർത്തകൾ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയപ്പോൾ ട്രൂത്ത് മാംഗല്യത്തിന്റെ വേദിയിൽ അവർക്കായി ഒരിടം ഒരുക്കണമെന്ന് സമദിനോട് അഭ്യർത്ഥിച്ചത് മമ്മൂട്ടിയായിരുന്നു. അങ്ങനെ ജെൻസണിന്റയും ശ്രുതിയുടെയും വിവാഹത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു വിധി വീണ്ടും വില്ലനായത്. വാഹനാപകടത്തിൽ ജെൻസൺ വിടപറഞ്ഞു.. എങ്കിലും ആ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെ ക്ഷണിക്കണമെന്നും അവരുടെ വിവാഹത്തിനായി കരുതിവച്ചത് കൈമാറണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. തുടർന്നായിരുന്നു ട്രൂത്ത് മാംഗല്യ വേദയിൽ ഇന്ന് ശ്രുതി എത്തിയത്. “ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം”- ഇതായിരുന്നു ശ്രുതിയോട് മമ്മൂക്ക പറഞ്ഞ വാക്കുകൾ.