മലപ്പുറം: ആറ് ദിവസം മുമ്പ് കാണാതായ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്തെ താനൂർ കടലിൽ നിന്നാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശി സനൂപാണ് മരിച്ചത്. മുഖം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫിഷറീസ് ഓഫീസർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറം ഫിഷറീസ് സ്റ്റേഷൻ എഡിഎഫ് എ. ആർ രാജേഷിന്റെ നിർദേശ പ്രകാരമുള്ള സംഘമാണ് സ്ഥലത്തെത്തിയത്. തുടർന്ന് താനൂരിലെ ഫിഷറീസ് റെസ്ക്യൂ സംഘം മൃതദേഹം കരയിലെത്തിച്ചു. കടലിൽ നിന്നും ഒമ്പത് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹം കിടന്നിരുന്നത്.
സീ റെസ്ക്യൂ ഗാർഡുമാരായ അബ്ദുറഹ്മാൻ കുട്ടി, അലി അക്ബർ, ഗ്രൗണ്ട് റെസ്ക്യൂ ഗാർഡുമാരായ നാസർ, ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. യുവാവിന്റെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂരങ്ങാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.