ടി20 ലോകകപ്പിൽ തോൽപ്പിച്ച ന്യൂസിലൻഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകളുടെ പകരം വീട്ടൽ. മൂന്നു മത്സരങ്ങളുടെ പരമ്പരയാണ് 2-1ന് സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ സ്മൃതി മന്ദാനയുടെ സെഞ്ച്വറിയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. ആറു വിക്കറ്റും 34 പന്തും ശേഷിക്കെയാണ് ന്യൂസിലൻഡ് ഉയർത്തിയ 234 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത്.
ടോസ് നേടിയ ന്യൂസിലൻഡ് വനിതകൾ ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു. പതിഞ്ഞ തുടക്കമായിരുന്നു അവർക്ക് ലഭിച്ചത്. നാല് റൺസെടുത്ത സൂസി ബെയ്റ്റ്സ് ഏഴാം ഓവറിൽ റണ്ണൗട്ടായി. തൊട്ടടുത്ത ഓവറിൽ ലോറൻ ഡോണും(1) വീണതോടെ കിവീസ് പതറി. ക്യാപ്റ്റൻ സോഫി ഡിവൈനെ(9) പ്രിയ മിശ്ര ബൗൾഡാക്കിയതോടെ അവർ മൂന്നിന് 36 എന്ന നിലയിലായി. 86 റൺസെടുത്ത ബ്രൂക് ഹാലിഡേയാണ് കിവീസിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. മാഡി ഗ്രീൻ(15), ഇസബെല്ല ഗെസെ(25), ലിയ തഹൂഹു(24 എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ദീപ്തി ശർമ്മ മൂന്ന് വിക്കറ്റ് പിഴുതു. പ്രിയ മിശ്ര രണ്ടുവിക്കറ്റ് നേടിയപ്പോൾ രേണുക സിംഗിനും സൈമ താക്കൂർ എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.മറുപടി ബാറ്റിംഗിൽ വൈസ് ക്യാപ്റ്റൻ സ്മൃതി(100) ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ(59) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് കരുത്തായത്. 121 പന്തിൽ പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് സ്മൃതിയുടെ സെഞ്ച്വറി നേട്ടം. യസ്തിക ഭാട്ടിയ 35 റൺസെടുത്തു. ജെമീമ റോഡ്രിഗ്സും(11), ഷെഫാലി വർമയും(12) നിറം മങ്ങി.















