എരുമേലി; കോൺഗ്രസ് വിമതയെ കൂട്ടുപിടിച്ച് എരുമേലി പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചു. യുഡിഎഫ് വിമതയായ മറിയാമ്മ സണ്ണി (സുബി സണ്ണി) യാണ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസ് വിമതയെ വോട്ടെടുപ്പിൽ പിന്തുണച്ച്് ഭരണം പിടിക്കുകയെന്ന തന്ത്രമാണ് എൽഡിഎഫ് പയറ്റിയത്.
കോൺഗ്രസിലെ ധാരണയനുസരിച്ച് നഗരസഭാ അധ്യക്ഷസ്ഥാനം അടുത്ത ആൾക്ക് കൈമാറണമായിരുന്നു. ഇതിനുസരിച്ചാണ് ജിജിമോൾ സജി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. തുടർന്നാണ് പുതിയ അദ്ധ്യക്ഷയെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടന്നത്. നേരത്തെ യുഡിഎഫ് പിന്തുണയോടെ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു മറിയാമ്മ സണ്ണി.
23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിനും എൽഡിഎഫിനും 11 സീറ്റുകൾ വീതമാണ്. ഒരു സ്വതന്ത്രനും. സ്വതന്ത്രന്റെ വോട്ട് യുഡിഎഫിന് ഉറപ്പിക്കാൻ കഴിഞ്ഞെങ്കിലും മറിയാമ്മ സണ്ണിക്ക് അനുകൂലമായി എൽഡിഎഫ് വോട്ട് ചെയ്തതോടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് ഭരണം പിടിക്കുകയായിരുന്നു.
ഇരുപത്തിയൊന്നാം വാർഡംഗമായ കോൺഗ്രസിലെ ലിസി സജിയായിരുന്നു യുഡിഎഫിന്റെ സ്ഥാനാർത്ഥി. മറിയാമ്മ സണ്ണിയ്‌ക്ക് 12 വോട്ടും ലിസി സജിയ്‌ക്ക് 11 വോട്ടും ലഭിച്ചു. എൽഡിഎഫ് എലിവാലിക്കര വാർഡ് അംഗവും സിപിഎം പ്രതിനിധിയുമായ തങ്കമ്മ ജോർജ്കുട്ടിയെ മത്സരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
നറുക്കെടുപ്പിലൂടെ ഇടതുപക്ഷത്തിനാണ് ആദ്യ ടേമിൽ പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
സ്വതന്ത്രന്റെ പിന്തുണ കോൺഗ്രസിന് ലഭിച്ചെങ്കിലും ഒരു വോട്ട് അസാധു ആയതോടെ തുല്യ നിലയിലായി. ഇതേ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. എന്നാൽ അവിശ്വാസ പ്രമേയം പാസാക്കി കഴിഞ്ഞ വർഷം ഏപ്രിൽ 12 ന് ഭരണം കോൺഗ്രസ് തിരിച്ചു പിടിക്കുകയായിരുന്നു.















