തിരുവനന്തപുരം: സഹോദരിയുടെ കൺമുന്നിലിട്ട് പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം. ആറ് വയസുള്ള പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ 62-കാരനായ പ്രതി വിക്രമൻ ജീവതാവസാനം വരെ ശിക്ഷ അനുഭവിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം പോക്സോ പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി.
2020-21 സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഒമ്പത് വയസുകാരിയായ സഹോദരിയുടെ മുൻപിൽ വച്ചായിരുന്നു ആറ് വയസുകാരിയോട് പ്രതി കുറ്റകൃത്യം കാണിച്ചത്. സഹോദരിയേയും ഇയാൾ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ മറ്റൊരു ദിവസം കോടതി വിധി പറയും. പെൺകുട്ടിയുടെ അമ്മൂമ്മയുടെ ആൺസുഹൃത്തായിരുന്നു പ്രതി. മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികളെ അമ്മൂമ്മയായിരുന്നു സംരക്ഷിച്ച് പോന്നിരുന്നത്. അമ്മൂമ്മയുടെ ഭർത്താവ് ബന്ധം ഉപേക്ഷിച്ച് പോവുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലായിരുന്നു കുടുംബവുമായി പ്രതി അടുപ്പത്തിലായത്.
വീട്ടിലേക്ക് വരാനും താമസിക്കാനും സ്വാതന്ത്ര്യം കിട്ടിയ വിക്രമൻ വീട്ടിൽ അമ്മൂമ്മ ഇല്ലാത്ത സമയത്ത് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു ദിവസം കുട്ടികളെ പീഡിപ്പിക്കുന്നതിനിടെ ഇവരുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തി. ഇതോടെയാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. കുട്ടികൾ നിലവിൽ ഷെൽട്ടർ ഹോമിൽ സുരക്ഷിതരാണ്.