തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി അന്താരാഷ്‌ട്ര ഹോക്കിയിൽ നിന്ന് വിരമിച്ച മലയാളി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജേഷിന് 2 കോടി രൂപയുടെ പാരിതോഷികം സമ്മാനിച്ചു. നേരത്തെ ഈ പരിപാടി മാറ്റിവെച്ചതും ശ്രീജേഷിനെ ആദരിക്കാൻ വൈകുന്നതും സർക്കാരിനും കായിക വകുപ്പിനുമെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കേരളത്തിലെ ഹോക്കിയുടെ വളർച്ചയ്‌ക്ക് പിന്തുണ നൽകാൻ ശ്രീജേഷിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക രംഗത്തെ മികവ് കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ തസ്തികയിലേക്ക് ശ്രീജേഷിനെ നിയമിച്ചത്. ശ്രീജേഷിന്റെ സേവനം ഏറ്റവും മികച്ച വിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന മാർഗങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൺപതുകൾ വരെ എതിരാളികൾ ഇല്ലാത്ത മുന്നേറ്റമാണ് അന്താരാഷ്‌ട്ര ഹോക്കിയിൽ ഇന്ത്യ നടത്തിയത്. പിന്നീട് പ്രതാപം മങ്ങിയ ഇന്ത്യൻ ഹോക്കി 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിലൂടെ തിരിച്ചുവന്നു. പാരീസ് ഒളിമ്പിക്‌സിലെ മെഡൽ നേട്ടത്തിലൂടെ നമ്മുടെ കരുത്ത് ഒരിക്കൽ കൂടി തെളിയിക്കാൻ കഴിഞ്ഞു. ഈ തിരിച്ചുവരവിൽ അതിനിർണായകമായ പങ്ക് വഹിച്ച വ്യക്തിയാണ് ശ്രീജേഷ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ടീം പ്രതിസന്ധിയിലായ അവസരങ്ങളിൽ ഗംഭീര പ്രകടനങ്ങളിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങൾക്ക് പ്രചോദനമേകാനും ശ്രീജേഷിന് കഴിഞ്ഞു. ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പറാണ് ശ്രീജേഷ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശ്രീജേഷിനെ പോലുളള കായിക താരങ്ങൾ എല്ലാ കായിക ഇനങ്ങളിലും സൃഷ്ടിക്കപ്പെടണം. അവരിലൂടെ ഒളിമ്പിക്‌സ് മെഡൽ ഉൾപ്പെടെയുളള ഉയർന്ന ബഹുമതികൾ കൂടുതലായി സ്വന്തമാക്കാൻ കേരളത്തിനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാനവീയം വീഥിയിൽ നിന്ന് തുറന്ന ജീപ്പിലാണ് ശ്രീജേഷിനെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിലെ മുഹമ്മദ് അനസ്, എച്ച്.എസ് പ്രണോയ്, മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബക്കർ എന്നീ 4 മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് പി രാധാകൃഷ്ണൻ നായർക്കും പ്രഖ്യാപിച്ച 5 ലക്ഷം രൂപ വീതം പാരിതോഷികം ചടങ്ങിൽ സമ്മാനിച്ചു.
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്‌പോർട്‌സ് ഓർഗനൈസറായി നിയമിച്ചുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്തു. പിയു ചിത്ര, മുഹമ്മദ് അനസ്, വി കെ വിസ്മയ, വി നീന, കുഞ്ഞുമുഹമ്മദ് എന്നിവർക്കാണ് നിയമനം ലഭിച്ചത്.