കോട്ടയം: സിറോ മലബാർ സഭ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു. ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് പുതിയ ആർച്ച് ബിഷപ്പായി തോമസ് തറയിൽ സ്ഥാനമേറ്റത്. സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് സഭാ വിശ്വാസികളാണ് പങ്കെടുത്തത്. രാവിലെ ഒമ്പത് മണിയ്ക്കാണ് സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചത്.
സ്ഥാനമേറ്റ ശേഷം തോമസ് തറയിൽ കുർബാന അർപ്പിച്ചു. സ്ഥാനാരോഹണ പ്രാർത്ഥനകൾക്ക് ശേഷം ആർച്ച് ബിഷ്പ്പ് പുതിയ മെത്രാപ്പൊലീത്തയെ ആശീർവദിച്ചു. തുടർന്ന് മാർ തോമസ് തറയിലിനെ ഔദ്യോഗിക പീഠത്തിലേക്ക് ആനയിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരാണ് ചടങ്ങിൽ സഹകാർമികരായത്.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയും ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുത്തു. സ്ഥാനത്ത് നിന്നും വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായ്ക്കുള്ള നന്ദിപ്രകാശനവും നടന്നു.