ന്യൂഡൽഹി: സൈനികർക്കൊപ്പം ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത് ചൈനീസ് സൈന്യം. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ വച്ച് ഇരുരാജ്യങ്ങളിലെയും സൈനികർ പരസ്പരം ദീപാവലി മധുരം പങ്കിട്ടു. അതിർത്തി സംഘർഷത്തിൽ ചൈനയുമായി ധാരണയിലെത്തിയ പശ്ചാത്തലത്തിലായിരുന്നു സൈനികരുടെ ദീപാവലി ആഘോഷം.

ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്‌സ്, കാരക്കോരം പാസ്, ദൗലത്ത് ബേഗ് ഔൾഡി, കോങ്ക്‌ല, ചുഷു മോൾഡോ തുടങ്ങിയ അതിർത്തികളിലാണ് സൈനികർ മധുരം പരസ്പരം കൈമാറിയത്. ഭാരതത്തിന്റെ സ്‌നേഹ സമ്മാനമായി ഒരു ബോക്‌സ് നിറയെ മധുരപലഹാരങ്ങളും മറ്റുമാണ് ചൈനീസ് പട്ടാളത്തിനായി ഇന്ത്യൻ സൈനികർ കരുതിവച്ചത്.

അതിർത്തി പ്രശ്‌നങ്ങളിൽ ധാരണയിലെത്തിയതിന് പിന്നാലെ ചൈനീസ് സൈന്യവുമായുള്ള വിശ്വാസം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയെന്നും ചൈനയുമായുള്ള സൗഹൃദം നിലനിർത്താൻ ശ്രമിക്കുമെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു.

നേരത്തെ അരുണാചൽ പ്രദേശിലെ അതിർത്തിയിലെ ദീപാവലി ആഘോഷങ്ങളിൽ സൈനികർക്കൊപ്പം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുത്തിരുന്നു. ഇന്ത്യ- ചൈന അതിർത്തിയിലെ സൈനികരെ പങ്കെടുപ്പിച്ചായിരുന്നു ആഘോഷങ്ങൾ നടന്നത്. അയൽ രാജ്യവുമായുള്ള സൗഹൃദബന്ധം നിലനിർത്താനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നതെന്നും തർക്കങ്ങളിൽ സമാധാനപരമായ പരിഹാരം കണ്ടെത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.















