കച്ച്: ഒരു തുണ്ട് ഭാരതഭൂമി പോലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ആഘോഷിക്കാൻ കച്ചിലെ സൈനികർക്ക് അരികിലെത്തി മധുരം പങ്കിട്ട ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുവീഴ്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്ന് നരേന്ദ്രമോദി അസന്നിഗ്ധമായി വ്യക്തമാക്കി.
മരുഭൂമിയിലും മഞ്ഞുവീഴ്ചയിലും മറ്റ് അപകടകരമായ ഭൂപ്രദേശങ്ങളിലും കാലാവസ്ഥയിലും നിന്നുകൊണ്ട് യുദ്ധം ചെയ്യുന്നവരാണ് സൈനികർ. നമ്മുടെ സൈന്യത്തെ നോക്കുന്ന ശത്രുക്കൾ ഒരുകാര്യം തിരിച്ചറിയുന്നു. ഇത്രയും കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സൈന്യം എന്തും നേരിടാൻ കെൽപ്പുള്ളവരാണെന്ന് അവർ മനസിലാക്കുന്നു.
ലോകം ഇന്ത്യൻ സൈന്യത്തെ കാണുമ്പോൾ ഇന്ത്യയുടെ കരുത്താണ് വീക്ഷിക്കുന്നത്. നമ്മുടെ എതിരാളികൾ നിങ്ങളെ നോക്കുമ്പോൾ, അവരുടെ ദുരുദ്ദേശ്യങ്ങൾ അവിടെ ഇല്ലാതാകുന്നു. നമ്മുടെ പൗരന്മാർ നിങ്ങളെ നോക്കുമ്പോൾ അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു. ഓരോ ഇന്ത്യൻ സൈനികനും നമുക്ക് അഭിമാനമാണ്. അവർ എത്രയോതവണ സ്വയം തെളിയിച്ചിരിക്കുന്നു. നമ്മുടെ ശത്രുക്കൾ സർ ക്രീക്ക് അതിർത്തിയിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്. പക്ഷെ, ഭാരതീയർക്ക് പേടിയില്ല. കാരണം ഇന്ത്യൻ സൈന്യത്തിൽ അത്രയധികം വിശ്വാസമർപ്പിക്കുന്നവരാണ് ഓരോ ഭാരതീയനും. ഇനി കച്ചിലേക്ക് നോക്കിയിരിക്കാൻ ഒരാളും ധൈര്യപ്പെടില്ല. അതിർത്തിയിലെ ഒരിഞ്ച് ഭൂമി വിട്ടുവീഴ്ച ചെയ്യാൻ ഭാരതം തയ്യാറാല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ് നമ്മൾ. ഭാരതീയരുടെ ഈ സ്വപ്നത്തിന്റെ സംരക്ഷകരാണ് അതിർത്തിയുടെ കാവൽക്കാർ. അതിർത്തി ടൂറിസമെന്നത് ദേശീയ സുരക്ഷയുടെ നിർണായകമായ ഒരു വശമാണ്. അത് പലപ്പോഴും പരിഗണിക്കപ്പെട്ടിരുന്നില്ല, കച്ചിന് ഈ മേഖലയിൽ വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഹചര്യങ്ങൾ മനസിലാക്കി സൈന്യത്തിനും സുരക്ഷാ സേനയ്ക്കും ആവശ്യമായ ആധുനിക വിഭവങ്ങൾ സജ്ജമാക്കാൻ കേന്ദ്രസർക്കാർ വേണ്ടതെല്ലാം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ആധുനികമായ സൈനിക ശക്തികളുടെ പട്ടികയിലേക്ക് ഭാരതസൈന്യവും ചേർക്കപ്പെടണം. അതിനുള്ള അടിത്തറയായി കരുതുന്നത് പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.