പന്തളം: ചിത്തിര ആട്ടവിശേഷ ദിവസം ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി. ഇന്നലെ രാത്രി അണഞ്ഞ ആഴി രാവിലെ 11 മണിക്കാണ് കത്തിച്ചത്. ആഴി അണഞ്ഞ സമയത്ത് നെയ്തേങ്ങകൾ വാരി മാറ്റിയെന്നും ഭക്തർ ആരോപിച്ചു.
”നെയ്തേങ്ങയിലെ നെയ്യ് ഭഗവാന് സമർപ്പിക്കുകയും ബാക്കി വരുന്ന നാളികേരം അഗ്നിയിലിടുന്ന ചടങ്ങ് വർഷങ്ങളായി ചെയ്ത് വരുന്ന ആചാരമാണ്. എന്നാൽ ദേവസ്വം ബോർഡിന്റെ അനാസ്ഥ കാരണം ചടങ്ങിന് മുടക്കം വന്നു. ഇന്നലെ രാത്രി അണഞ്ഞ ആഴി രാവിലെ 11 മണിക്കാണ് തെളിയിച്ചത്.”- ഭക്തർ പറഞ്ഞു.
ശബരിമലയിലെ ആൽമരത്തോട് ചേർന്ന് അണയാത്ത രീതിയിലാണ് ആഴി ജ്വലിച്ചു നിൽക്കുക. ശബരിമല നട തുറന്ന ശേഷം മേൽശാന്തി ആദ്യം ചെയ്യുന്ന ക്രിയ നെയ്തേങ്ങ കത്തിച്ച് ആഴി ജ്വലിപ്പിക്കുന്നതാണ്. എന്നാൽ ദേവസ്വംബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ആഴി അണയാൻ കാരണമായതെന്നും ആഴി ജ്വലിപ്പിക്കാൻ വൈകിയതെന്നുമാണ് ഭക്തർ ആരോപിക്കുന്നത്.
ഇതിന് മുൻപ് പ്രളയകാലത്താണ് ആഴി ഇത്തരത്തിൽ അണഞ്ഞു പോയത്. ചിത്തിര ആട്ട വിശേഷമായ ഇന്ന് രാവിലെ 5 മണിക്ക് നട തുറന്നിരുന്നു. എന്നാൽ രാവിലെ ജ്വലിപ്പിക്കേണ്ട ആഴി ഏറെ വൈകി ജ്വലിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി ഭക്തർ രംഗത്തെത്തി.