പാലക്കാട്: കൊടകര കുഴൽപ്പണ കേസിന് പിന്നിൽ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിലെ പുതിയ ആരോപണം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” കൊടകര കുഴൽപ്പണ കേസ് എന്നൊരു കേസില്ല. അതുമായി ബന്ധപ്പെട്ട് എഫ്‌ഐആറും ഇല്ല. കൊടകരയിലുള്ളത് മണിഹെയ്സ്റ്റ് കേസ് ആണ്. സംഭവത്തിൽ ഇഡി അന്വേഷണം നടത്തുന്നുണ്ട്. ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജനങ്ങൾക്കറിയാം.
ഇതിനു പിന്നിൽ സിപിഎമ്മിന്റെയും യുഡിഎഫിന്റെയും പൊളിറ്റിക്കൽ സ്റ്റണ്ട് ആണ്. പാലക്കാട് യുഎഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പിആർ ഏജൻസിയാണ് ബിജെപിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.”- കെ സുരേന്ദ്രൻ പറഞ്ഞു.
തേഞ്ഞൊട്ടിയ മുനയൊടിഞ്ഞ ആരോപണങ്ങളുമായി സിപിഎമ്മും കോൺഗ്രസും ഇതിന് മുൻപും വന്നതാണ്. പൊലീസ് അന്വേഷിച്ച് ചാർജ് ഷീറ്റ് കൊടുത്ത കേസാണിത്. സിപിഎമ്മിനും കോൺഗ്രസിനും വേണ്ടി പിആർ ഏജൻസികൾ നടത്തുന്ന പ്രചാരണം മാത്രമാണിതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
സന്ദീപ് വാര്യർ ബിജെപിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ബിജെപിയിൽ സജീവമായി പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകനാണ് സന്ദീപെന്നും അദ്ദേഹത്തെ ജനങ്ങൾ ഹൃദയത്തോട് ചേർത്ത് നിർത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ചെറിയ വിഷയങ്ങൾ ഊതിപെരുപ്പിച്ച് ബിജെപിയിൽ തർക്കങ്ങൾ സൃഷ്ടിക്കാമെന്ന് ആരും വിചാരിക്കേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.