11-കാരി ഏഴ് മാസം ​ഗർഭിണി; അലസിപ്പിക്കാൻ അനുമതി നൽകി കോടതി

Published by
Janam Web Desk

മുംബൈ: ബലാത്സം​ഗത്തിന് ഇരയായ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ​ഗർ‌ഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി. ബോംബെ ഹൈക്കോടതിയാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. 11-കാരിക്കാണ് ​ഗർഭച്ഛിദ്രത്തിന് അനുമതി ലഭിച്ചത്. ശാരീരികമായും മാനസികമായും ​ഗർഭച്ഛിദ്ര പ്രക്രിയകളിലൂടെ കടന്നുപോകാൻ പെൺകുട്ടി യോ​ഗ്യയാണെന്ന് മെഡിക്കൽ ബോർഡ് അറിയച്ചതിനെ തുടർന്നാണ് കോടതി അനുമതി നൽകിയത്.

ജസ്റ്റിസ് ശർമിള ദേശ്മുഖ്, ജിതേന്ദ്ര ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പെൺകുട്ടിയുടെ പിതാവായിരുന്നു ​ഹർജിക്കാരൻ. അണുബാധ കാരണമാണ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെടുന്നതെന്നായിരുന്നു ആദ്യം കുടുംബം കരുതിയത്. പെൺകുട്ടിയെ പരിശോധിച്ച താനെയിലെ ആശുപത്രി അധികൃതർ വയറുവേദനയ്‌ക്ക് മരുന്ന് നൽകുകയും ചെയ്തിരുന്നു. എന്നാൽ വേദന കുറയാതെ വന്നതോടെ മുംബൈയിലെ ആശുപത്രിയെ സമീപിക്കുകയായിരുന്നു കുടുംബം. തുടർന്നാണ് 11-കാരി ​ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഒക്ടോബർ 24നായിരുന്നു സംഭവം. 11-കാരിയെ ആരോ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തിട്ടുണ്ടെന്ന് ബോധ്യമായതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

​ഗർഭം 20 ആഴ്ച പിന്നിട്ടതിനാൽ ​ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി ആവശ്യമായിരുന്നു. കേസിന്റെ ​ഗൗരവവും മെഡിക്കൽ ബോർഡിന്റെ ശുപാർശയും പരി​ഗണിച്ച കോടതി ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകി. ​ഗർഭസ്ഥശിശുവിന്റെ രക്ത, ടിഷ്യൂ സാമ്പിളുകൾ ശേഖരിച്ച് വയ്‌ക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഭാവിയിൽ ഇത് അന്വേഷണത്തിന് സഹായിച്ചേക്കുമെന്ന നി​ഗമനത്തിലാണിത്.

പുറത്തെടുക്കുന്ന ​ഗർഭസ്ഥശിശുവിന് ജീവനുണ്ടെങ്കിൽ അതിനെ പരിപാലിക്കേണ്ട പൂർണ ഉത്തരവാദിത്വം സംസ്ഥാനത്തിനാണെന്നും കുഞ്ഞിന്റെ ആരോ​ഗ്യം പരിപാലിക്കാൻ ഡോക്ടർമാർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. ഇതേസമയം പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment