മുംബൈ: ബലാത്സംഗത്തിന് ഇരയായ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി. ബോംബെ ഹൈക്കോടതിയാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. 11-കാരിക്കാണ് ഗർഭച്ഛിദ്രത്തിന് അനുമതി ലഭിച്ചത്. ശാരീരികമായും മാനസികമായും ഗർഭച്ഛിദ്ര പ്രക്രിയകളിലൂടെ കടന്നുപോകാൻ പെൺകുട്ടി യോഗ്യയാണെന്ന് മെഡിക്കൽ ബോർഡ് അറിയച്ചതിനെ തുടർന്നാണ് കോടതി അനുമതി നൽകിയത്.
ജസ്റ്റിസ് ശർമിള ദേശ്മുഖ്, ജിതേന്ദ്ര ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പെൺകുട്ടിയുടെ പിതാവായിരുന്നു ഹർജിക്കാരൻ. അണുബാധ കാരണമാണ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെടുന്നതെന്നായിരുന്നു ആദ്യം കുടുംബം കരുതിയത്. പെൺകുട്ടിയെ പരിശോധിച്ച താനെയിലെ ആശുപത്രി അധികൃതർ വയറുവേദനയ്‌ക്ക് മരുന്ന് നൽകുകയും ചെയ്തിരുന്നു. എന്നാൽ വേദന കുറയാതെ വന്നതോടെ മുംബൈയിലെ ആശുപത്രിയെ സമീപിക്കുകയായിരുന്നു കുടുംബം. തുടർന്നാണ് 11-കാരി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഒക്ടോബർ 24നായിരുന്നു സംഭവം. 11-കാരിയെ ആരോ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ബോധ്യമായതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ഗർഭം 20 ആഴ്ച പിന്നിട്ടതിനാൽ ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി ആവശ്യമായിരുന്നു. കേസിന്റെ ഗൗരവവും മെഡിക്കൽ ബോർഡിന്റെ ശുപാർശയും പരിഗണിച്ച കോടതി ഗർഭച്ഛിദ്രത്തിന് അനുമതി നൽകി. ഗർഭസ്ഥശിശുവിന്റെ രക്ത, ടിഷ്യൂ സാമ്പിളുകൾ ശേഖരിച്ച് വയ്‌ക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഭാവിയിൽ ഇത് അന്വേഷണത്തിന് സഹായിച്ചേക്കുമെന്ന നിഗമനത്തിലാണിത്.
പുറത്തെടുക്കുന്ന ഗർഭസ്ഥശിശുവിന് ജീവനുണ്ടെങ്കിൽ അതിനെ പരിപാലിക്കേണ്ട പൂർണ ഉത്തരവാദിത്വം സംസ്ഥാനത്തിനാണെന്നും കുഞ്ഞിന്റെ ആരോഗ്യം പരിപാലിക്കാൻ ഡോക്ടർമാർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. ഇതേസമയം പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.