നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമ എത്തുന്നു. ‘പെണ്ണ് കേസ്’ എന്നാണ് സിനിമയുടെ പേര്. ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി, കഥ ഇന്നുവരെ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച നിഖിലയുടെ അടുത്ത സിനിമ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ഒരുപറ്റം ആളുകൾ ഒരു കല്യാണ പെണ്ണിനും ചെക്കനും പിറകെ ഓടുന്നതാണ് ടൈറ്റിൽ പോസ്റ്റർ. ‘പെണ്ണ് കേസ്’ ഒരു കോമഡി-ഡ്രാമ ചിത്രമാകുമെന്നാണ് സൂചന. ഇ 4 എക്സ്പിരിമെന്റസ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, രാജേഷ് കൃഷ്ണ, സിവി സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഫെബിൻ സിദ്ധാർഥും രശ്മി രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ. ‘ഗുരുവായൂരമ്പല നടയിൽ’ന് ശേഷം ഇ ഫോർ എന്റർടെയ്ൻമെന്റ്സും ലണ്ടൺ ടാക്കീസും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാകും ‘പെണ്ണ് കേസ്’. കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായി ഡിസംബർ മുതൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.
എം. മോഹനൻ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ‘ഒരു ജാതി ജാതകം’, വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്നീ സിനിമകളാണ് നിഖിലയുടേതായി പുറത്തിറങ്ങാനുള്ള മറ്റ് സിനിമകൾ. ഗുരുവായൂർ അമ്പലനടയിൽ, നുണക്കുഴി എന്നീ ചിത്രങ്ങളിൽ നിഖിലയുടെ അഭിനയം ഭാവമാറ്റമില്ലാത്തതാണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഓൺലൈൻ ചാനലുകൾക്ക് നിഖില നൽകിയ പല ഇന്റർവ്യൂവകളും വൈറലാവുകയും ചർച്ചയാവുകയും ചിലത് വിവാദമാവുകയും ചെയ്തു. കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നിഖില നൽകിയ അഭിമുഖങ്ങളാണ് വലിയ രീതിയിൽ ചർച്ചയായത്. സോഷ്യൽമീഡിയ ഫാൻസിനിടയിൽ ‘തഗ്ഗ് റാണി’ എന്ന വിളിപ്പേരും നിഖിലയ്‌ക്കുണ്ട്.