വാങ്കഡെയിയിൽ മാനം കാക്കാനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 235 റൺസിന് പുറത്തായി. അഞ്ചു വിക്കറ്റ് നേടിയ ഓൾറൗണ്ടർ ജഡേജയാണ് ന്യൂസിലൻഡിന്റെ തകർച്ച പൂർത്തിയാക്കിയത്. വാഷിംഗ്ടൺ സുന്ദറിന് നാലു വിക്കറ്റ് ലഭിച്ചു. ശേഷിച്ച ഒരു വിക്കറ്റ് ആകാശ് ദീപിനും കിട്ടി.
71 റൺസെടുത്ത വിൽ യംഗും 82 റൺസെടുത്ത ഡാരിൽ മിച്ചലുമാണ് കിവീസിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് ന്യൂസിലൻഡ് സ്കോറിലേക്ക് 87 റൺസാണ് സംഭാവന ചെയ്തത്. 28 റൺസെടുത്ത ടോം ലാഥമാണ് മറ്റാെരു ടോപ് സ്കോറർ. 17 റൺസ് നേടിയ ഗ്ലെൻ ഫില്പ്സാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. ആറുപേരാണ് രണ്ടക്കം കാണാതെ പുറത്തായത്.
ആദ്യ രണ്ടു മത്സരങ്ങളും പരാജയം രുചിച്ച് പരമ്പര അടിയറവ് വച്ച ഇന്ത്യക്ക് എന്ത് വിലകൊടുത്തും ഈ മത്സരം ജയിച്ചേ മതിയാകൂ. യംഗ്-മിച്ചൽ കൂട്ടുക്കെട്ട് ഇന്ത്യക്ക് ഭീഷണിയായി ഉയർന്നപ്പോൾ ഫോമിലായ ജഡേജയാണ് യംഗിനെ ശർമയുടെ കൈയിലെത്തിച്ച് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മിച്ചലിനെ പുറത്താക്കി സുന്ദറും ഇന്ത്യക്ക് മേൽകൈ സമ്മാനിച്ചു. മറുപടി ബാറ്റിംഗിൽ 18 റൺസെടുത്ത നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 26/1 എന്ന നിലയിലാണ് ആതിഥേയർ.