കാൺപൂർ: ദീപാവലി ദിവസം ഉത്തർപ്രദേശിലെ ഹർദോയ് പൊലീസ് സ്റ്റേഷനിൽ പതിവില്ലാതെ ഒരു എമർജൻസി ഫോൺ കോൾ വന്നു. ഫോണിന്റെ മറുതലയ്‌ക്കലുള്ള യുവാവിന്റെ പരാതികേട്ട് പൊലീസുകാർ അമ്പരന്നു. വീട്ടിൽ നിന്നും 250 ഗ്രാം ഉരുളക്കിഴങ് മോഷണം പോയെന്നായിരുന്നു യുവാവിന്റെ പരാതി. എന്നാൽ പരാതിക്ക് പിറകെ പോകാതെ പരാതിക്കാരന്റെ പിറകെ പോയി പൊലീസ് സത്യാവസ്ഥ കണ്ടെത്തി.
മന്നപൂർവ സ്വദേശിയായ വിജയ് വർമയെന്ന യുവാവാണ് ഉത്തർപ്രദേശ് പൊലീസിന്റെ അടിയന്തര ഹെൽപ് ലൈൻ നമ്പറായ 112 ലേക്ക് വിളിച്ച് തന്റെ വീട്ടിലെ ഉരുളക്കിഴങ്ങ് കാണാതായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടത്. ഒട്ടും വൈകാതെ പൊലീസ് പരാതിക്കാരന്റെ വീട്ടിലെത്തി ഇയാളെ ചോദ്യം ചെയ്തതോടെ ഉദ്യോഗസ്ഥർക്ക് കാര്യം പിടികിട്ടി.
സ്ഥിരം മദ്യപിക്കുന്ന ഇയാൾ പതിവുപോലെ ജോലി കഴിഞ്ഞുവന്ന ശേഷം പാചകത്തിനായി ഉരുളക്കിഴങ്ങ് എടുത്തുവച്ചു. പുറത്തുപോയി മദ്യപിച്ചിട്ട് വന്നപ്പോഴേക്കും ഉരുളക്കിഴങ്ങുകൾ കാണാതായത്രെ. പിന്നെ ഒന്നും ചിന്തിച്ചില്ല ഉടൻ തന്നെ എമർജൻസി നമ്പറിൽ വിളിച്ച് പൊലീസിനോട് പരാതി പറയുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നുവെന്ന് സമ്മതിക്കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടു. എന്നാൽ അപ്പോഴും തന്റെ 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷ്ടിച്ചവരെ കണ്ടെത്തണമെന്നാണ് യുവാവിന്റെ ആവശ്യം.