വൈദ്യുത വാഹനങ്ങളുടെ ചാർജിംഗ് സെന്ററുകളിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രങ്ങളാക്കാൻ കെഎസ്ഇബി. ചാർജിംഗ് സ്റ്റേഷനുകളോടൊപ്പം വിശ്രമിക്കാനുള്ള മുറി, ടോയ്‍ലെറ്റുകൾ, കോഫീ ഷോപ്പ് എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്താനാണ് കെഎസ്ഇബി പദ്ധതിയിടുന്നത്. എന്നാൽ തുടങ്ങി പകുതി വഴിയിലായ സംരംഭങ്ങൾ പൂർത്തീകരിക്കാതെയാണ് കെഎസ്ഇബി പുതിയ പദ്ധതികൾക്ക് തയാറെടുക്കന്നതെന്ന വിമർശനവും ശക്തമാണ്.
വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണവും വർധിപ്പിക്കും. പ്രധാന റോഡുകളിലെ ഹോട്ടലുകൾ, ലോഡ്ജുകൾ മുതലായവയ്‌ക്ക് സമീപം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങുന്ന കാര്യവും ആലോചനയിലുണ്ട്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധയിൽ വലയുന്നതിനാൽ ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങാനും സൗരോർജ പാനലുകൾ സ്ഥാപിക്കാനും അനർട്ട് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകും.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിന് കെഎസ്ഇബി മൊബൈൽ ആപ്പും തയാറാക്കിയിട്ടുണ്ട്. K.E Map എന്നപേരിൽ പ്ലേ സ്റ്റോറിൽ ഇത് ലഭ്യമാണ്. പുറത്തിറക്കിയ ഘട്ടത്തിൽ ചില സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നെങ്കിലും ഇത് പരിഹരിച്ചെന്ന് അധികൃതർ വ്യക്തമാക്കി.