ഭോപ്പാൽ: വിഷബാധയേറ്റ് പത്ത് ആനകൾ ചരിഞ്ഞതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ ആനകളാണ് ചരിഞ്ഞത്. മൂന്ന് ദിവസത്തിനുള്ളിലാണ് ആനകൾക്ക് വിഷബാധയേറ്റത്. വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 29-ന് കടുവാ സങ്കേതത്തിലെ ജീവനക്കാരാണ് നാല് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പത്തിലധികം ആനകളെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. അവശനിലയിലുള്ള ആനകളെ ചികിത്സക്കായി മാറ്റിയിട്ടുണ്ട്. പ്രാദേശിക വെറ്ററിനറി ഓഫീസർമാരും വൈൽഡ് ലൈഫ് ഫോറൻസിക് ആൻഡ് ഹെൽത്തിലെ സ്പെഷ്യലൈസ്ഡ് ടീമും ചേർന്ന് ആനകളെ ചികിത്സിച്ചുവരികയാണ്.
ചികിത്സയ്‌ക്കിടെ ഇന്നലെയും ഇന്നുമായി ആറ് ആനകൾ കൂടി ചരിഞ്ഞു. ഒരു കൊമ്പനാനയും ഒമ്പത് പിടിയാനയുമാണ് ചരിഞ്ഞത്. ആനകളുടെ പോസ്റ്റുമോർട്ടം നടത്തി, സാമ്പിളുകൾ ഉത്തർപ്രദേശ് ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാഗറിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും അയച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഫോറൻസിക് പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ കാരണം വ്യക്തമാകുകയുള്ളൂവെന്ന് വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു.
സംസ്ഥാന ടൈഗർ സ്ട്രൈക്ക് ഫോഴ്സ് വനമേഖലകളും മറ്റ് സമീപ പ്രദേശങ്ങളും പരിശോധിച്ചുവരികയാണ്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ സമഗ്രമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.















