കോഴിക്കോട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് പട്ടാപ്പകൽ വീട് കയറി ആക്രമിച്ചതായി പരാതി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയുമാണ് മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചത്. അക്രമികളിലൊരാൾ ഡിവൈഎഫ്‌ഐ പ്രവർത്തകനെന്ന് കുടുംബം ആരോപിച്ചു.
പൊതുസ്ഥലത്തെ യുവാക്കളുടെ മദ്യപാനം ഉണ്ണികൃഷ്ണൻ ചോദ്യം ചെയ്തിനെ തുടർന്നാണ് ആക്രമണമുണ്ടായത്. കുടുംബം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉണ്ണികൃഷ്ണന്റെ ഭാര്യ ദീപ, മകൾ കൃഷ്‌ണേന്ദു, മകൻ നവനീത് എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. വടിയുമായെത്തിയ സംഘം ഉണ്ണികൃഷ്ണനെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. വീട്ടുപകരണങ്ങളും നശിപ്പിച്ചു. ഉണ്ണികൃഷ്ണന്റെ കഴുത്തിനും ചെവിക്കും തലയുടെ പിറകിലും അടിയേറ്റു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഉണ്ണികൃഷ്ണന്റെ വീടിനോട് ചേർന്ന സ്ഥലത്താണ് സംഘം മദ്യപിക്കാനെത്തിയത്. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഇവരിൽ ഒരാളുമായി ഉണ്ണികൃഷ്ണൻ വാക്കുതർക്കമുണ്ടാകുകയും സംഘം അക്രമിക്കുകയുമായിരുന്നു. പിന്നാലെ ഉണ്ണികൃഷ്ണന്റെ വീട്ടിൽ കടന്നുകയറിയ ഇവർ ഭാര്യയുടെയും മകളുടെയും മുൻപിലിട്ടും ഉണ്ണികൃഷ്ണനെ മർദ്ദിച്ചു. വീടിന്റെ ജന്നൽചില്ലുകൾ തകർക്കുകയും കസേര നിലത്തടിച്ച് ഒടിക്കുകയും ചെയ്തു. കസേരയും വീട്ടുപകരണങ്ങളുപയോഗിച്ചും ഉണ്ണികൃഷ്ണനെ ഭാര്യയുടെയും മകളുടെയും മുൻപിലിട്ട് ഇവർ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിന്റെ മൊബൈൽ ദൃശ്യങ്ങളും വീട്ടുകാരുടെ കൈവശമുണ്ട്.
അരുൺ, അജീഷ് എന്നിവരും കണ്ടാലറിയുന്ന മറ്റൊരാളുമാണ് അക്രമം നടത്തിയതെന്ന് കുടുംബം പറഞ്ഞു. അരുൺ പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വം ഇക്കാര്യം നിഷേധിക്കുകയാണ്. ഉണ്ണികൃഷ്ണൻ ബിജെപി അനുഭാവിയാണ്.