കോഴിക്കോട്: ജന്മഭൂമി ദിനപത്രം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ‘സ്വ – വിജ്ഞാനോത്സവം’ കോഴിക്കോട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.
ജന്മഭൂമിയുടെ സുവർണജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. മാദ്ധ്യമമെന്ന നിലയിൽ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ആർഎസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് കെ.കെ ബൽറാം, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, ജന്മഭൂമി മാനേജിംഗ് ഡയറക്ടർ എം രാധാകൃഷ്ണൻ, പി. ടി ഉഷ എംപി തുടങ്ങി പ്രൗഢഗംഭീരമായ സദസായിരുന്നു ഉദ്ഘാടനത്തിൽ പങ്കെടുത്തത്. നിരവധി പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി ജന്മഭൂമി മുൻ ചീഫ് എഡിറ്റർ പി. നാരായണൻ, മുൻ സബ് എഡിറ്റർ രാമചന്ദ്രൻ കക്കട്ടിൽ, മൈജി എംഡി എ കെ ഷാജി, ലാൻഡ്മാർക്ക് ബിൽഡേഴ്‌സ് എംഡി അരുൺകുമാർ എന്നിവരെ ചടങ്ങിൽ വച്ച് അശ്വിനി വൈഷ്ണവ് ആദരിച്ചു.
ഇന്നത്തെ പത്രമാദ്ധ്യമങ്ങൾ പല വിഷയങ്ങളും പറയാതെ മാറ്റിവെയ്‌ക്കുകയാണെന്ന് കുമ്മനം രാജശേഖരൻ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. വഖ്ഫ് എന്ന മൂന്നക്ഷരം കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. അന്നത്തിനും വെളളത്തിനും വായുവിനും വേണ്ടിയുളള പ്രശ്‌നങ്ങൾ തമസ്‌കരിക്കപ്പെടുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം നമ്മുടെ നാട്ടിൽ മുഴക്കേണ്ടത് ജൻമഭൂമിയുടെ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. പത്ര ധർമത്തിന് അർത്ഥം ഉണ്ടെന്ന് വിളിച്ചു പറഞ്ഞ സ്ഥാപനമാണ് ജന്മഭൂമി. വിസ്മയകരമായ കഠിനാദ്ധ്വാനത്തിന്റെ കഥകളാണ് ജന്മഭൂമിയുടേതെന്നും അദ്ദേഹം പറഞ്ഞു.
ജൻമഭൂമി ഒഴിച്ചുളള പല മാദ്ധ്യമങ്ങളും പെയ്ഡ് ന്യൂസിന്റെ കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി. എന്നാൽ ജൻമഭൂമി ഇപ്പോഴും പൊതുസമൂഹത്തിനായി അതിന്റെ ദൗത്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രതാരം ശോഭനയുടെ നേതൃത്വത്തിൽ നൃത്ത സന്ധ്യയും നടന്നു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ തിങ്കളാഴ്ച ഗോവ ഗവർണർ ശ്രീധരൻ പിള്ള പങ്കെടുക്കുന്ന മീറ്റ് ദ ഗവർണർ പരിപാടിയും നടക്കും. വനിതാ സെമിനാർ സാഹിത്യ സെമിനാർ തുടങ്ങിയവയ്‌ക്കൊപ്പം വൈകിട്ട് വിവിധ കലാപരിപാടികളും അരങ്ങേറും.