ന്യൂഡൽഹി: സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ എഎപി എംഎൽയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ഉത്തം നഗർ എംഎൽഎ നരേഷ് ബല്യനെതിരെ നടപടിയാവശ്യപ്പെട്ട് പാർട്ടി എംപി സ്വാതി മലിവാൾ രംഗത്ത് വന്നു. എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കാൻ പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കേജ്‌രിവാളിനോട് അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നരേഷ് ബല്യന്റെ ഫേസ്ബുക്ക് ലൈവാണ് വിവാദമായത്. ഉത്തം നഗറിലെ റോഡുകൾ ഹേമമാലിലിയുടെ കവിൾ പോലെയാക്കുമെന്നാണ് നരേഷ് പറഞ്ഞത്.
” റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെയാക്കും എന്നാണ് ഡൽഹിയിലെ ഉത്തം നഗർ എംഎൽഎ നരേഷ് ബല്യാൻ പറയുന്നത്. സ്ത്രീവിരുദ്ധ പ്രസ്താവനയെ എത്ര അപലപിച്ചാലും മതിയാകില്ല. കഴിഞ്ഞ പത്ത് വർഷമായി ഈ മനുഷ്യൻ ഉറങ്ങുകയായിരുന്നു. അയാളുടെ ചിന്താഗതിയാണ് വാക്കുകളിലൂടെ പുറത്ത് വന്നത്. സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായി കണക്കാക്കുന്ന വിലകുറഞ്ഞ ചിന്താഗതിക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും”- സ്വാതി എക്സിൽ കുറിച്ചു.