ഉണ്ണി മുകുന്ദൻ മാസ് ലുക്കിലെത്തുന്ന മാർക്കോയുടെ തെലുങ്ക് ടീസർ പുറത്തിറങ്ങി. തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടിയാണ് സമൂഹമാദ്ധ്യമത്തിലൂടെ ടീസർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അനുഷ്ക ആശംസകൾ അറിയിച്ചു. ടീസറിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മാർക്കോയുടെ മലയാളം ടീസർ യൂട്യൂബിൽ ട്രെൻഡിംഗായിരുന്നു. ബോളിവുഡ് നടൻ ജോൺ എബ്രഹാം പങ്കുവച്ച ഹിന്ദി ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് മാർക്കോയെ തെലുങ്ക് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. വൻ മുതൽ മുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമിക്കുന്നത്.
മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന മാർക്കോ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്റൂർ സംഗീതം നൽകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മാർക്കോ.
ഉണ്ണി മുകുന്ദൻ വേറിട്ട വേഷത്തിലെത്തുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിനിടെ നടൻ ജഗദീഷിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതുവരെ ചെയ്യാത്തൊരു വേഷമാണ് താൻ സിനിമയിൽ ചെയ്യുന്നതെന്നും ചില സീനുകൾ കാണുമ്പോൾ തനിക്ക് തന്നെ പേടിയാകുമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇത് മാർക്കോയെ കുറിച്ചെന്നായിരുന്നു സോഷ്യൽ മീഡിയയുടെ വാദം.
ജഗദീഷ്, സിദ്ദിഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയ ഒട്ടനവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.