കോഴിക്കോട്: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി രാജ്യസഭാ അംഗം ഡോ. പിടി ഉഷ. പയ്യോളി റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണം ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെ റെയിൽവേ വികസന പദ്ധതികൾ വിലയിരുത്താനായി കേന്ദ്രമന്ത്രി കോഴിക്കോടെത്തിയപ്പോഴായിരുന്നു നേതാക്കൾ ചർച്ച നടത്തിയത്.
കോഴിക്കോട് ജില്ലയിലെയും സതേൺ റെയിൽവേക്ക് കീഴിലുള്ള പ്രധാന സ്ഥലങ്ങളിലെയും പൊതു ജന വിഷയങ്ങളും പിടി ഉഷ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പയ്യോളി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് വേണ്ട ഇടപെടൽ നടത്താമെന്ന് അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി പിടി ഉഷ വ്യക്തമാക്കി.
അതേസമയം കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ പ്രതീക്ഷകൾ നൽകുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ കോഴിക്കോട് സന്ദർശനം. തൃശൂർ റെയിൽവേ സ്‌റ്റേഷന്റെ നവീകരണത്തിനായി 393 കോടി രൂപ അനുവദിച്ചതായി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ശബരി പദ്ധതിക്കായി മഹാരാഷ്‌ട്ര മോഡൽ നടപ്പിലാക്കും. ട്രെയിനിൽ സഞ്ചരിച്ച് ആലുവ മുതൽ കോഴിക്കോട് വരെയുള്ള വികസന പദ്ധതികൾ അദ്ദേഹം വിലയിരുത്തിയിരുന്നു.