ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ്. നവംബർ 6ന് മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകിയതിന് പിന്നാലെയാണ് ലോകായുക്ത സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുത്തത്.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി നൽകിയെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഇഡി അന്വേഷണവും നടക്കുന്നുണ്ട്. ലോകായുക്ത സമർപ്പിച്ച എഫ്‌ഐആറിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബിഎം പാർവതി, സിദ്ധരാമയ്യയുടെ മരുമകൾ മല്ലികാർജുന സ്വാമി, ഭൂമി ഉടമ ദേവരാജു എന്നിവരാണ് പ്രതികൾ.
പാർവതിക്ക് മൈസൂരു നഗര വികസന അതോറിറ്റി 14 പ്ലോട്ടുകൾ അനുവദിച്ചതിൽ 55.8 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ഒക്ടോബർ 25ന് അന്വേഷണ സംഘം പാർവതിയെ ചോദ്യം ചെയ്തിരുന്നു. പിന്നാലെ ഭൂമി മുഡയ്‌ക്ക് തന്നെ തിരിച്ചു നൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ പ്രസ്താവന പുറത്തിറക്കിയിരുന്നു.