തിരുവനന്തപുരം: അമ്പൂരിയിൽ പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ട് വനവാസി സമരക്കാർ. അങ്കണവാടിയിൽ ആയമാരെ നിയമിച്ചതിൽ ക്രമക്കേട് ആരോപിച്ചായിരുന്നു പ്രതിഷേധം. ശിശുക്ഷേമ സമിതി ഡയറക്ടറുടെ ഉറപ്പിലാണ് വനവാസികൾ മണിക്കൂറുകൾ നീണ്ട സമരം അവസാനിപ്പിച്ചത്.
പ്രതിഷേധക്കാർ പഞ്ചായത്ത് കെട്ടിടത്തിന്റെ വാതിൽ പുറത്ത് നിന്ന് പൂട്ടുകയായിരുന്നു. ഇതോടെ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഓഫീസിൽ നിന്ന് പുറത്തു പോകാനാകാതെ കുഴങ്ങി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വനവാസികളുമായി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്തിയില്ല.
ബന്ധപ്പെട്ട അധികാരികൾ നിയമനം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. തുടർന്ന് പുതിയ ആയമാരുടെ ലിസ്റ്റ് മരവിപ്പിക്കുമെന്ന് ശിശുക്ഷേമ സമിതി ഡയറക്ടർ വനവാസി വിഭാഗത്തിന് ഉറപ്പു നൽകി. ഇതോടെ സമരം അവസാനിപ്പിച്ചു. എന്നാൽ ഉത്തരവിറക്കിയില്ലെങ്കിൽ മറ്റന്നാൾ മുതൽ സമരം പുനരാരംഭിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.