ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ ഉൾപ്പെടെ മുന്നേറി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. വൈസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ കമലാ ഹാരിസിനെക്കാൾ 150 ഇലക്ടറൽ വോട്ടുകൾക്ക് ട്രംപ് ആദ്യ ഘട്ട ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ആദ്യഘട്ട ട്രെൻഡ് ഒരിക്കലും അന്തിമഫലത്തെ സ്വാധീനിക്കുന്നതല്ലെന്നാണ് രാഷ്‌ട്രീയ വിദഗ്ധർ പറയുന്നത്.
ന്യൂജഴ്‌സി, ന്യൂയോർക്ക്, റോസ് ഐലൻഡ്, വെർമോണ്ട്, കൊളറാഡോ, കനക്ടികട്ട്, ഡെലവെയർ, ഇലിനോയ്, മസാച്യുസെറ്റ്‌സ്, മേരിലാൻഡ് സ്വിങ് സ്റ്റേറ്റുകളായ പെൻസിൽവാനിയ, മിഷിഗൺ എന്നിവിടങ്ങളിൽ കമലാ ഹാരിസ് ആണ് മുന്നേറുന്നത്. ഫ്‌ളോറിഡ, ഇന്റ്യാന, കെന്റക്കി, മിസിസിപ്പി, മൊണ്ടാന, ടെക്‌സസ്, അലബാമ, വെസ്റ്റ് വിർജീനിയ, വയോമിങ്, കാൻസസ്, യൂട്ടാ, ടെനിസി, സൗത്ത് ഡക്കോഡ, നോർത്ത് ഡക്കോഡ, മൊണ്ടാന, മിസോറി, ലൂസിയാന സ്വിങ് സ്‌റ്റേറ്റുകളായ വിസാകോൻസെൻ, ജോർജിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ ട്രംപും ലീഡ് ചെയ്യുകയാണ്.
അരിസോണ, നെവാഡ എന്നിവിടങ്ങളിലെ ഫലസൂചനകൾ പുറത്ത് വന്നിട്ടില്ല. നെവാഡയിൽ 2020ലും വോട്ടെണ്ണൽ വലിയ രീതിയിൽ വൈകിയിരുന്നു. ആകെ 20ഓളം സംസ്ഥാനങ്ങളിലാണ് ട്രംപ് മുന്നേറ്റം നടത്തുന്നത്. 538 ഇലക്ടറൽ കോളേജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമാകും. കേവല ഭൂരിപക്ഷം കടന്നാലുടനെ വിജയ പ്രഖ്യാപനം നടത്താൻ ട്രംപിന്റെ ടീം പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ജനസാന്ദ്രതയുള്ള മേഖലകളിൽ പലയിടത്തും വോട്ടെണ്ണൽ വൈകുന്നത് അന്തിമ കണക്കുകളെ സ്വാധീനിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.















