കൂടുതൽ വോട്ട് കിട്ടിയാലും വിജയം നിർണയിക്കാൻ സാധിക്കാത്ത അതിസങ്കീർണമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് അമേരിക്കയുടേത്. നിലവിൽ ട്രംപിനാണ് മുൻകയ്യെങ്കിലും ഇത് മാറിമറിയാമെന്ന് സാരം. ഈ സാഹചര്യത്തിൽ ശ്രദ്ധ നേടുകയാണ് അലൻ ലിക്ടമന്റെ പ്രവചനം. ആരാണ് ഈ അവതാരം എന്നാകും ചിന്തിക്കുന്നത്.
ചരിത്രകാരനും, അദ്ധ്യാപകനും രാഷ്‌ട്രീയ നിരീക്ഷനുമൊക്കെയാണ് 77-കാരനായ അലൻ ലിക്ടമൻ. പത്തിൽ ഒൻപത് യുഎസ് തെരഞ്ഞെടുപ്പുകളും അലൻ ലിക്ടമന്റെ പ്രവചനത്തിനൊപ്പമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 13 കാര്യങ്ങൾ മുൻനിർത്തിയാണ് അലൻ ലിക്ടമൻ തന്റെ പ്രവചനങ്ങൾ നടത്തുന്നത്. 13 ചോദ്യങ്ങളടങ്ങുന്ന ഫോർമുലയിൽ ശരി, തെറ്റ് എന്നീ ഉത്തരങ്ങളാണുള്ളത്. ഇതിൽ ആറോ അതിൽ അധികമോ പ്രതികൂലമായാൽ സ്ഥാനാർത്ഥി പരാജയപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
ഡൊണാൾഡ് ട്രംപിന് നേരിയ മുൻതൂക്കമാണ് അഭിപ്രായ വോട്ടെടുപ്പുകളിൽ നൽകുന്നത്. എന്നാൽ ഇത്തവണ ഇവയെ തള്ളിപറഞ്ഞാണ് അലൻ ലിക്ടമന്റെ പ്രവചനം. അമേരിക്കയ്‌ക്ക് ആദ്യ വനിതാ പ്രധാനമന്ത്രിയെ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ആദ്യ ആഫ്രിക്കൻ- ഏഷ്യൻ വംശജയായ പ്രസിഡന്റായും കമല ഹാരിസ് തിരഞ്ഞെടുക്കപ്പെടുമെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും സ്ട്രാറ്റജികൾക്കും അപ്പുറം സർക്കാരിന്റെ ഭരണനിർവഹണത്തിലൂന്നിയാണ് അമേരിക്കൻ ജനത വോട്ട് ചെയ്യുന്നതെന്നാണ് ലിക്ടമാൻ പറയുന്നത്. 1984 മുതൽ ലിക്ടമാൻ നടത്തിയിട്ടുള്ള യുഎസ് തെരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ ഒൻപതും കൃത്യമായി പ്രവചിച്ചയാളാണ് ഇദ്ദേഹം. 2000-ത്തിലെ തെരഞ്ഞെടുപ്പിൽ ജോർജ് ബുഷ് മാത്രമാണ് ലിക്ടമന്റെ പ്രവചനത്തിൽ നിന്നും പുറത്ത് പോയത്. അന്ന് തെരഞ്ഞെടുപ്പ് ഫലത്തിൽ തർക്കം ഉയർന്നപ്പോൾ കോടതിയാണ് ഫലം പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയം.
1947- ൽ ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് അലൻ ലിക്ടമന്റെ ജനനം. 1973 മുതൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ചരിത്ര പ്രൊഫസർ. റഷ്യൻ ഭൂകമ്പ ശാസ്ത്രജ്ഞനായ വ്‌ളാഡിമിർ കെയ്‌ലിസ് ബോറോക്കുമായി സഹകരിച്ച് ‘വൈറ്റ് ഹൗസിലേക്കുള്ള താക്കോലുകൾ’ എന്ന (Keys to the White House) മോഡൽ വികസിപ്പിച്ചെടുത്തു. ഇത് അദ്ദേഹത്തിനെ ‘തെരഞ്ഞെടുപ്പുകളുടെ നോസ്ത്രദാമസ്’ (The Nostradamus of Elections) എന്ന പേരിന് അർഹനാക്കി. ഇത്തവണത്തെ പ്രവചനവും ശരിയായാൽ ജനാധിപത്യ വ്യവസ്ഥയുടെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടുമെന്ന് തീർച്ച.















