കൊച്ചി: ഏകീകൃത കുർബാനയിൽ നിലപാട് കടുപ്പിച്ച് വത്തിക്കാൻ. വിമത വൈദികരെ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾക്ക് നിർദേശം നൽകി വത്തിക്കാൻ സിറോമലബാർ സഭാദ്ധ്യക്ഷന് കത്ത് അയച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ
വിമത വൈദികർ സമർപ്പിച്ച ഹർജി തള്ളിയാണ് വത്തിക്കാന്റെ നിർദേശം.
ഏകീകൃത കുർബാന വിഷയത്തിൽ അന്ത്യശാസനം എന്ന രീതിയിലാണ് വത്തിക്കാന്റെ പുതിയ ഇടപെടൽ. കുർബാനയിൽ സഭയെ അനുസരിക്കാത്ത വിമതരെ പുറത്താക്കണമെന്ന് നിർദേശം നൽകി സിറോ മലബാർ സഭാദ്ധ്യക്ഷന് അപ്പോസ്തലിക് ന്യൂണ് ഷോ കത്തയച്ചു. ഏകീകൃത കുർബാന നടപ്പാക്കാൻ കൂട്ടാക്കാത്ത എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികർക്ക് എതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടിയെടുക്കണമെന്നും വത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്.
വിമത വൈദികർ സമർപ്പിച്ച ഹർജി തള്ളിയാണ് വത്തിക്കാന്റെ ഉത്തരവ്. കഴിഞ്ഞദിവസം ഏകീകൃത കുർബാനയിൽ നിലപാട് കടുപ്പിച്ച് സിറോ മലബാർ സഭാ നേതൃത്വം സർക്കുലർ പുറത്തിറക്കിയിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന നിർബന്ധമാക്കണമെന്ന നിർദേശത്തോടൊപ്പം സഭയുടെ ഔദ്യോഗികമല്ലാത്ത സംഘടനകളിൽ പ്രവർത്തിക്കുന്നതിന് വിശ്വാസികൾക്കും വൈദികർക്കും വിലക്ക് ഏർപ്പെടുത്തുമെന്നുമാണ് സർക്കുലറിൽ പറയുന്നത്. പള്ളികളിലോ സഭാ സ്ഥാപനങ്ങളിലോ അനൗദ്യോഗിക സംഘടനകളുടെ യോഗം വിളിക്കാൻ പാടില്ലെന്നും നിർദേശം പാലിക്കാത്തവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകുമെന്ന താക്കീതും സർക്കുലറിലുണ്ട്.
അതിരൂപത ആസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ അനുവദിക്കില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്ത് നിലവിലുള്ള പൊലീസ് കാവൽ തുടരുമെന്നും സൂചിപ്പിക്കുന്ന സർക്കുലർ കത്തിച്ചാണ് ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗമായ അൽമായ മുന്നേറ്റം പ്രതിഷേധം രേഖപ്പെടുത്തിയത്.