താടി കളഞ്ഞ ഒരു ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ ഒറ്റക്കൊമ്പൻ എന്ന ചിത്രം സുരേഷ് ഗോപി ഉപേക്ഷിച്ചെന്ന് ചില മാദ്ധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ പുത്തൻ ലുക്കിലുള്ള പോസ്റ്റർ പങ്കുവച്ച് ഒറ്റക്കൊമ്പൻ അടുത്ത വർഷം എത്തുമെന്ന് സുരേഷ് ഗോപിയുടെ മാസ് മറുപടി. മന്ത്രിക്ക് അഭിനയിക്കാൻ കേന്ദ്ര സർക്കാർ അനുമതി കൊടുക്കുന്നില്ല എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
‘ഇനി ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല, ഒറ്റകൊമ്പൻ 2025ല്‍ വരുമെന്നാണ് പുതിയ പോസ്റ്റര്‍ പങ്കുവച്ച് സുരേഷ് ഗോപി പറയുന്നത്. താടി വടിച്ച പുതിയ ലുക്കിലുള്ള ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതുമുതൽ ഒറ്റക്കൊമ്പൻ സിനിമ ഉപേക്ഷിച്ചെന്നായിരുന്നു ചില കോണുകളിൽ നിന്നുള്ള വാദം. പുത്തൻ പോസ്റ്ററിൽ താരത്തിന്റെ ചെറുപ്പകാലമാണ് കാണാനാകുന്നത്.
സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാറാണ്.