ന്യൂയോർക്ക്: ഇന്ത്യയ്‌ക്ക് അഭിമാനമായി യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ആറ് ഇന്ത്യൻ വംശജർ. നിലവിൽ ജനപ്രതിനിധി സഭയിൽ അഞ്ച് ഇന്ത്യൻ വംശജരാണ് ഉള്ളത്. അമി ബേര, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, ശ്രീ താനേദാർ, പ്രമീള ജയപാൽ എന്നിവർ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഇന്തോ-അമേരിക്കൻ അഭിഭാഷകനായ സുഹാസ് സുബ്രഹ്‌മണ്യനാണ് ഈ കൂട്ടത്തിലേക്ക് പുതുതായി എത്തിയത്. ‘സമോസ കോക്കസ്’ എന്നാണ് യുഎസിലെ ഇന്ത്യൻ വംശജരായ ജനപ്രതിനിധികളെ വിശേഷിപ്പിക്കുന്നത്.
വിജയിച്ച ആറ് പേരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ്. വിർജീനിയിൽ നിന്നും ആദ്യമായി ജനപ്രതിനിധി സഭയിൽ എത്തുന്ന ഇന്ത്യൻ വംശജനാണ് സുഹാസ് സുബ്രഹ്‌മണ്യം. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെ ആണ് സുഹാസ് പരാജയപ്പെടുത്തിയത്. ബരാക്ക് ഒബാമ യുഎസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് കൂടിയായിരുന്നു ഇദ്ദേഹം. ഇല്ലിനോയിയിലെ ഏഴാം കോൺഗ്രഷണൽ ജില്ലയിൽ നിന്നുള്ള പ്രതിനിധിയാണ് രാജ കൃഷ്ണമൂർത്തി. കഴിഞ്ഞ കോൺഗ്രസിൽ ചൈനയുമായുള്ള വിഷയങ്ങളിലെ ഹൗസ് സെലക്ട് കമ്മിറ്റിയിലെ റാങ്കിംഗ് അംഗം കൂടിയായിരുന്നു രാജ കൃഷ്ണമൂർത്തി.
വിദേശകാര്യ സമിതിയിലേയും, ചൈന കമ്മിറ്റിയിലേയും നിർണായക പദവി വഹിച്ചിരുന്ന ആളാണ് റോ ഖന്ന. ടെക് പോളിസി ഡിബേറ്റുകളിലെ പ്രധാന ശബ്ദം കൂടിയാണ് സിലിക്കൺവാലിയിൽ നിന്നുള്ള പ്രതിനിധി കൂടിയായ ഇദ്ദേഹം. ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയുടെ ഇന്തോ പസഫിക് സബ്കമ്മിറ്റിയിലെ റാങ്കിംഗ് അംഗമായിരുന്നു അമി ബേര. അടുത്തിടെ രൂപീകരിച്ച ക്വാഡ് കോക്കസ് സഹ അദ്ധ്യക്ഷൻ കൂടിയാണ്. ഡോക്ടർ കൂടിയായ അമി ബേര ഇന്ത്യൻ സംഘത്തിലെ മുതിർന്ന അംഗം കൂടിയാണ്. കാലിഫോർണിയയിലെ ആറാം കോൺഗ്രഷണൽ ജില്ലയുടെ പ്രതിനിധിയായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
യുഎസ് കോൺഗ്രസിൽ ഹിന്ദു, ബുദ്ധ, സിഖ്, ജൈന കോക്കസിന് തുടക്കമിട്ട വ്യക്തിയാണ് പ്രമീള ജയപാൽ. സാമുദായിക വിഷയങ്ങളിൽ സഭയിലെ ഉറച്ച ശബ്ദമായ ഇവർ വാഷിംഗ്ടണിൽ ഏഴാം കോൺഗ്രഷണൽ ജില്ലയുടെ പ്രതിനിധിയാണ്. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ ഏറ്റവും സ്വാധീനമുള്ള ബ്ലോക്കായി കരുതപ്പെടുന്ന ഹൗസ് പ്രോഗ്രസീവ് കോക്കസിന്റെ അദ്ധ്യക്ഷ കൂടിയാണിവർ. മിഷിഗണിൽ 13ാം കോൺഗ്രഷണൽ ജില്ലയുടെ പ്രതിനിധിയായിട്ടാണ് ശ്രീ തനേദാർ തെരഞ്ഞെടുക്കപ്പെട്ടത്.