വയനാട്: ചൂരൽമല ദുരിത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി. മേപ്പാടി പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരെ, പൊലീസ് തടഞ്ഞു. തുടർന്ന് പഞ്ചായത്തിന് മുന്നിൽ സമാധാനപരമായി സമരം നടത്തിയ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്‌ക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ്, പ്രവർത്തകരെ തല്ലിച്ചതച്ചത്. മാർച്ചിന് നേതൃത്വം നൽകിയ ബിജെപി പ്രവർത്തകനെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റുകൾ വിതരണം ചെയ്തുവെന്നാണ് ദുരിത ബാധിതരുടെ പരാതി. അരി, റവ, ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളിൽ പുഴുവരിച്ച നിലയിലാണ്. വളർത്തു മൃഗങ്ങൾക്ക് പോലും നൽകാൻ സാധിക്കാത്ത കിറ്റുകളാണ് പഞ്ചായത്ത് അധികൃതർ വിതരണം ചെയ്തതെന്ന് ദുരിതബാധിതർ പറഞ്ഞു.
അതേസമയം റവന്യൂ വകുപ്പിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ലഭിച്ച കിറ്റുകളാണ് വിതരണം ചെയ്തതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാൽ മാസങ്ങൾക്ക് മുമ്പ് പഞ്ചായത്തിന് നൽകിയ കിറ്റുകൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദുരിത ബാധിതർക്ക് വിതരണം ചെയ്യുകയായിരുന്നുവെന്നാണ് ഉയരുന്ന വിമർശനങ്ങൾ. പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് കിറ്റുകൾ വലിച്ചെറിഞ്ഞ് ദുരിത ബാധിതരും പഞ്ചായത്ത് ഉപരോധിച്ചിരുന്നു.















