പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി നെയ്മർക്ക് വില്ലനായി വീണ്ടും പരിക്ക്. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം പകരക്കാരനായി അൽ ഹിലാലിന് വേണ്ടി ഇറങ്ങിയ നെയ്മറെ വീഴ്‌ത്തിയത് ഹാംസ്ട്രിം ഇഞ്ചുറിയായിരുന്നു. താരത്തിന്റെ പരിക്കിന്റെ കാര്യം ടീമും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിയൻ താരത്തിന് രണ്ടുമാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
പരിക്കിനെ തുർന്ന് ഒരുവർഷമായി മാറി നിന്ന താരം ക്ലബിന് വേണ്ടി ഇത് രണ്ടാം തവണയാണ് കളിക്കാനിറങ്ങിയത്. 58-ാം മിനിട്ടിലാണ് നെയ്മർ കളത്തിലിറങ്ങിയത്.മത്സരം അവസാനിക്കാൻ മൂന്ന് മിനിട്ടുള്ളപ്പോഴാണ് താരത്തെ പരിക്ക് വലച്ചത്.2023 ആഗസ്റ്റിൽ 90 മില്യൺ ഡോളറിനാണ് 19 തവണ സൗദി ചാമ്പ്യന്മാരായ അൽ ഹിലാൽ നെയ്മറെ ടീമിലെത്തിക്കുന്നത്.
ഇതുവരെ 7 മത്സരങ്ങളാണ് നെയ്മർ കളിച്ചത്. അതേസമയം ടീം നെയ്മറെ രജിസ്റ്റർ ചെയ്തേക്കില്ലെന്നാണ് സൂചനകൾ. താരത്തിന്റെ കരാർ 2025 ജൂണിൽ അവസാനിക്കും. പരിക്ക് സാരമുള്ളതല്ലെന്നും ഒരു വർഷത്തിന് ശേഷം സംഭവിക്കുന്നത് സാധാരണമെന്നും നെയ്മർ സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ പരിക്ക് സാരമുള്ളതെന്നാണ് റിപ്പോർട്ടുകൾ.