ചേലക്കര: അന്തിമഹാകാളൻകാവ് പൂരം കലക്കിയതിൽ എന്തുകൊണ്ടാണ് സിപിഎമ്മും സർക്കാരും അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനും സംഭവിച്ച പിഴവ് ജനങ്ങളോട് തുറന്നു പറയാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്തിമഹാകാളൻകാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
കഴിഞ്ഞ രണ്ട് വർഷമായി അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ പൂരവും വെടിക്കെട്ടും അലങ്കോലമാക്കിയതിന് പിന്നിൽ സിപിഎമ്മും അന്നത്തെ ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനുമാണ്. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. ഫയർഫോഴ്സിന്റെ അനുമതിയില്ല, പൊലീസ് സെക്യൂരിറ്റി കൊടുക്കാൻ സാധിക്കില്ല, നെൽവയൽ നീർത്തട സംരക്ഷണ നിയമം ബാധിക്കും എന്നൊക്കെ ചൂണ്ടിക്കാട്ടി അവസാന നിമിഷം വരെ അനുമതി നീട്ടിക്കൊണ്ടുപോയി പൂരം അലങ്കോലമാക്കുകയായിരുന്നുവെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം പൂരദിവസം വെടിക്കെട്ടിനുളള എല്ലാ പ്രാരംഭ നടപടികളും ആരംഭിച്ച ശേഷമാണ് എസിപി നേരിട്ടെത്തി പൂരം തടഞ്ഞത്. അതിന് ഉത്തരം പറയേണ്ടത് ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇതുവരെ കെ രാധാകൃഷ്ണൻ അതിന് ഉത്തരം പറഞ്ഞിട്ടില്ല. അടുത്ത വർഷം അന്തിമഹാകാളൻകാവ് പൂരം അലങ്കോലപ്പെടുത്താൻ ഒരു ശക്തികളെയും അനുവദിക്കില്ലെന്നും ഭക്തരോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വിശ്വാസികൾ അന്ന് കെ രാധാകൃഷ്ണനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അദ്ദേഹവും സർക്കാരും അറിയാതെ ഈ കാര്യങ്ങൾ ഒന്നും നടക്കില്ല. വളരെ ബോധപൂർവ്വം ഒരു ദേവസ്വം മന്ത്രി തന്നെ പൂരം കലക്കുകയെന്ന് പറഞ്ഞാൽ വല്ലാത്ത നാട് തന്നെയാണ് കേരളം. ഇത്ര തുറസ്സായ സ്ഥലത്ത് വേറെ എവിടെയാണ് വെടിക്കെട്ട് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു.
ഒട്ടും അപകടസാദ്ധ്യതയില്ലാത്ത സ്ഥലത്ത് പൊലീസിന് സെക്യൂരിറ്റി നൽകാനും ഫയർഫോഴ്സിന് അനുമതി കൊടുക്കാനും സാധിക്കില്ലെന്ന് പറഞ്ഞാൽ എന്താണ് അർത്ഥമെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കൃത്യമായ അജണ്ടയോടെ ഒരു വാശിയോടെയാണ് രാധാകൃഷ്ണനും സംഘവും ജില്ലാ പൊലീസും പൂരത്തിനെ സമീപിച്ചത്. അതിന് ഇനി മാറ്റം ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അന്തിമഹാകാളൻകാവ് സന്ദർശിച്ചിരുന്നു. പൂരം മുടങ്ങിയതുമായും വെടിക്കെട്ട് നടത്തുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ കത്ത് നൽകാൻ നിർദ്ദേശിച്ചാണ് അദ്ദേഹം മടങ്ങിയത്.