തിരുവനന്തപുരം: തലസ്ഥാനത്ത് തകർത്ത് പെയ്ത് മഴ, ഉച്ചയ്ക്ക് മുതൽ തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ ഇടിയോടു കൂടിയ മഴയാണ് പെയ്യുന്നത്. മലയോര മേഖലകളിലും മഴ ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങിളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കരമന നദിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ ചെയ്യരുത്.
അവശ്യഘട്ടങ്ങളിൽ അധികൃതരുടെ നിർദേശമുണ്ടായാൽ പ്രളയ സാധ്യതാ മേഖലയിൽ നിന്ന് മാറി താമസിക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.