മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറോ അദ്ദേഹത്തിന്റെ നാല് തലമുറകളോ വിചാരിച്ചാൽ പോലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാനാകില്ലെന്ന് അമിത് ഷാ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
” ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് നാഷണൽ കോൺഫറൻസും കോൺഗ്രസും ജമ്മു കശ്മീർ നിയമസഭയിൽ പ്രമേയം പാസാക്കിയത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നാണ് ഇവർ പറയുന്നത്. ഇന്ന് ഞാനുള്ളത് സംഭാജി മഹാരാജിന്റേയും ശരദ് പവാറിന്റേയും ഇടത്താണ്. ഇവിടെ വച്ച് തന്നെ ഞാൻ പറയുകയാണ്, നിങ്ങളുടെ നാല് തലമുറകൾ വിചാരിച്ചാൽ പോലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാനാകില്ല.
കോൺഗ്രസുകാർ ഉണ്ടാക്കിയ വഖ്ഫ് ബോർഡിലെ നിയമങ്ങളിലെ ഇന്ന് രാജ്യം മുഴുവൻ അസ്വസ്ഥരാണ്. അതിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ബിൽ കൊണ്ടുവന്നു. കർണാടകയിൽ ക്ഷേത്രങ്ങളും ജനങ്ങളുടെ ഭൂമിയുമെല്ലാം വഖ്ഫ് സ്വത്തുക്കളാണെന്നാണ് അവർ അവകാശപ്പെടുന്നത്. ഇവിടെ വച്ച് ശരദ് പവാറിനോടും ഉദ്ധവ് താക്കറെയോടും, നിങ്ങൾ ഈ ബില്ലിനെ പിന്തുണയ്‌ക്കുമോ എന്ന ചോദ്യമാണ് എനിക്ക് ചോദിക്കാനുള്ളത്. പക്ഷേ അവർ ഒരിക്കലും അതിൽ ഉത്തരം പറയില്ല. കാരണം അവർക്ക് ഭയമാണ്.
എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം ക്ഷേത്രങ്ങളുടേയും കർഷകരുടേയും ഭൂമിയിൽ തൊടാൻ ആരേയും അനുവദിക്കില്ല. 500 വർഷത്തോളം രാം ലല്ല ഒരു കൂടാരത്തിനുള്ളിലാണ് ഇരുന്നത്. അയോദ്ധ്യയിൽ ക്ഷേത്രം ഉയരാതിരിക്കാൻ കോൺഗ്രസ് ശ്രമിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തി അഞ്ച് വർഷത്തിനുള്ളിൽ ക്ഷേത്രഭൂമിയിൽ പൂജ നടത്തി. ക്ഷേത്രനിർമാണവുമായി അദ്ദേഹം മുന്നോട്ട് പോയി. തോൽവി പേടിച്ച് ശരദ് പവാറും രാഹുൽ ഗാന്ധിയും ഉദ്ധവ് താക്കറെയും ഈ ചടങ്ങുകളിൽ പങ്കെടുത്തില്ല. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിൽ മാത്രമാണ് ഇക്കൂട്ടർക്ക് ശ്രദ്ധയെന്നും” അമിത് ഷാ വിമർശനം ഉന്നയിച്ചു.