ദോഹ: അമേരിക്കയുടെ നിർദ്ദേശത്തിന് വഴങ്ങി ഖത്തർ. ഹമാസ് ഭീകരരോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് ഖത്തർ ആവശ്യം ഉന്നയിച്ചത്.
ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കില്ലെന്നും ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടിയും അംഗീകരിക്കില്ലെന്ന് ഹമാസ് തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയിൽ ഹമാസിന്റെ സാന്നിധ്യം അംഗീകരിക്കാനാകില്ലെന്ന് യുഎസ് അറിയിച്ചത്.
അമേരിക്കയ്‌ക്കും ഈജിപ്തിനുമൊപ്പം ഗാസയിൽ ഒരു വർഷമായി നീണ്ടുനിൽക്കുന്ന സംഘർഷത്തിന് അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. നിർദ്ദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് സ്വീകരിക്കണ്ടേ എന്ന നിലപാടിലാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
2012 മുതൽ ഹമാസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ്. സിറിയയിലെ ആഭ്യന്തരയുദ്ധമാണ് ഡമാസ്‌കസിൽ നിന്ന് ദോഹയിലേക്ക് തലസ്ഥാനം മാറ്റാൻ കാരണമായത്. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ നിർദ്ദേശിച്ചതോടെ ഹമാസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വലിയ വെല്ലുവിളിയാണ് നേരിടുക. ഹമാസിന്റെ തലപ്പത്തുള്ളവരെ ഇസ്രായേൽ വകവരുത്തിയതിന് പിന്നാലെ ഓഫീസ് ഉൾപ്പടെ പൂട്ടിക്കെട്ടുന്നതോടെ ഭീകരപ്രവർത്തനങ്ങൾക്ക് അറുതി വരുമെന്ന് വിലയിരുത്താം. നേരത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ഹമാസ് ഓഫീസ് പ്രവർത്തിപ്പിക്കുമെന്നും അതിനായി അനുമതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നിർദ്ദേശത്തിന് ഖത്തർ വഴങ്ങിയിരിക്കുന്നത്.
ഖത്തറിലുള്ള ഹമാസ് ഭീകരരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. അടുത്തിടെ വധിച്ച ഹമാസ് തലവൻ യഹിയ സിൽവറിന്റെ പിൻഗാമികൾ ഉൾപ്പടെ നിരവധി പേരാണ് ഖത്തറിലുള്ളതെന്നാണ് വിവരം. ഭീകരരോട് രാജ്യം വിടാൻ നിർദ്ദേശിച്ചത് സംബന്ധിച്ച് ഹമാസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.