മുംബൈ: കോൺഗ്രസ് ശക്തരായി മാറിയാൽ രാജ്യം ദുർബലമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടിയോ അതിന്റെ സഖ്യകക്ഷികളോ അംബേദ്കറിന്റെ ഭരണഘടനയെയോ കോടതിയെയോ രാജ്യത്തിന്റെ വികാരത്തെയോ വിലമതിക്കുന്നില്ലെന്നും മോദി പറഞ്ഞു. കോൺഗ്രസ് എവിടെ സർക്കാർ രൂപീകരിക്കുന്നുവോ ആ സംസ്ഥാനം പാർട്ടിയിലെ രാജകുടുംബത്തിന്റെ എടിഎമ്മായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു. മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അകോലയിലെ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“രാജ്യം ദുർബലമാകുന്തോറും അവർ കൂടുതൽ ശക്തരായി മാറുമെന്ന് കോൺഗ്രസിന് നന്നായറിയാം. അവർ വിവിധ ജാതി സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നു. ഒന്നിച്ചു നിൽക്കാൻ അനുവദിക്കില്ല. ഈ സാഹചര്യം കോൺഗ്രസ് മുതലെടുക്കുകയും ചെയ്യും. അവർ പട്ടിക ജാതിക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കും. ഇതാണ് കോൺഗ്രസിന്റെ സ്വഭാവം” മോദി പറഞ്ഞു.
ബിജെപി സർക്കാരിന്റെ കഴിഞ്ഞ രണ്ട് ടേമുകളിലും ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി മോദി, സർക്കാർ ഇപ്പോൾ 3 കോടി വീടുകൾകൂടി പാവപ്പെട്ടവർക്കായി നിർമ്മിക്കാൻ ഒരുങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി. 2014 മുതൽ 2024 വരെയുള്ള പത്തുവർഷക്കാലം മഹാരാഷ്‌ട്ര ബിജെപിയെ അചഞ്ചലമായ വിശ്വാസത്തോടെ പിന്തുണച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ രാജ്യസ്നേഹം, രാഷ്‌ട്രീയ ഉൾക്കാഴ്ച, കാഴ്ചപ്പാട് എന്നിവയാണ് ബിജെപിയിലുള്ള വിശ്വാസം ശക്തിപ്പെടുത്തിയതെന്ന് മോദി പറഞ്ഞു.
അകോല, അമരാവതി, വാഷിം, യവത്മാൽ, ബുൽധാന എന്നീ അഞ്ച് ജില്ലകളിലെ മഹായുതി, ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി അകോലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയത്. നവംബർ 20 നാണ് മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. 288 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.















