ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ T20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയോടെ വീണ്ടും ഗംഭീര പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. തന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് സഞ്ജു നന്ദി പറയുന്നത് ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോടാണ്. മത്സരങ്ങൾക്ക് മുൻപ് ആത്മവിശ്വാസം പകർന്ന ക്യാപ്റ്റന്റെ വാക്കുകളെ താരം പ്രശംസിച്ചു. അവസരങ്ങളുടെ അഭാവവും സ്ഥിരതയില്ലാത്ത പ്രകടനങ്ങളും മൂലം വർഷങ്ങളോളം സഞ്ജു ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസത്തെ പ്രകടനത്തോടെ T20 യിൽ ബാക്ക് ടു ബാക്ക് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി മാറിയിരിക്കുകയാണ് താരം.
മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും വിരമിക്കലിന് ശേഷം ഓപ്പണറെന്ന പുതിയ റോളിൽ സഞ്ജുവിന് തിളങ്ങാനായി. കഴിഞ്ഞ മാസം ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാമത്തെയും അവസാനത്തെയും T20യിൽ സഞ്ജു 111 റൺസ് നേടിയിരുന്നു. കഴിഞ്ഞ ദിവസം ഡർബനിലെ കിംഗ്‌സ്‌മീഡിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ T20 മാച്ചിലും സെഞ്ച്വറി പ്രകടനം ആവർത്തിച്ചു.
എന്നാലിപ്പോൾ ബംഗ്ലാദേശിനെതിരായ പരമ്പരയ്‌ക്ക് മുമ്പ് സൂര്യകുമാറിന്റെ വാക്കുകൾ എങ്ങനെയാണ് തനിക്ക് ആത്മവിശ്വാസം പകർന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
“ദുലീപ് ട്രോഫിയിൽ കളിക്കുമ്പോൾ ഒരിയ്‌ക്കൽ സൂര്യ എന്റെ അടുത്തുവന്നു സംസാരിച്ചു. എത്ര റൺസെടുത്തലും കുഴപ്പമില്ല, അടുത്ത 7 മാച്ചുകൾ ഇന്ത്യക്ക് വേണ്ടി ഓപ്പണിങ് ചെയ്യുന്നത് സഞ്ജുവായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സൂര്യയാണ് എനിക്ക് അങ്ങനെയൊരു ഉറപ്പ് നൽകിയത്. ക്യാപ്റ്റൻ ഇത്രയധികം നിങ്ങളിൽ വിശ്വാസമർപ്പിക്കുന്നു എന്ന് അറിയുമ്പോൾ അത് കൂടുതൽ ആത്മവിശ്വാസം നൽകും,” സഞ്ജു പറഞ്ഞു.
കഴിഞ്ഞ ദിവസം സഞ്ജു നേടിയ 107 റൺസ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ഐയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണ്. 2022ൽ ഗുവാഹത്തിയിൽ ഇന്ത്യക്കെതിരായ ഡേവിഡ് മില്ലറുടെ 106 റൺസ് നേട്ടമാണ് സഞ്ജു മറികടന്നത്. ,മികച്ച പ്രകടനത്തിന് സാംസൺ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും സ്വന്തമാക്കി.















