ചെങ്ങന്നൂർ: സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നുവെന്ന് ശബരിമല കർമസമിതി ചെയർമാൻ കുമ്മനം രാജശേഖരൻ. ശബരിമല ഭക്തരുടേതാണ്. മതകാര്യങ്ങളിൽ ഇടപെടാനല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ എന്തുചെയ്യണമെന്ന് സർക്കാർ ആലോചിക്കുന്നത് എന്തിനാണ്? ശബരിമലയിലെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിനെ കുറിച്ചും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും തീരുമാനമെടുക്കുന്നത് അവരാണോയെന്ന് അദ്ദേഹം ചോദിച്ചു. അവരല്ലെന്നും മറിച്ച് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ സംബന്ധിച്ച് അവസാനവാക്ക് ഭക്തരുടേതാണ്. മത ഇതര കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് ജനപ്രതിനിധികൾ.
ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ ശബരിമല സംരക്ഷണ സംഗമം ആരംഭിച്ചു. പന്തളം കൊട്ടാരത്തിലെ നിർവാഹക സംഘാംഗം പിഎൻ നാരായണ വർമ യോഗം ഉദ്ഘാടനം ചെയ്തു. ശബരിമല കർമ്മ സമിതി ചെയർമാൻ കുമ്മനം രാജശേഖരൻ, കൺവീനർ എസ് ജെ ആർ കുമാർ , വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, വിവിധ ഹൈന്ദവ സമുദായ സംഘടന നേതാക്കൾ, ഗുരുസ്വാമിമാർ, പന്തളം കൊട്ടാരം പ്രതിനിധികൾ, ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ, ശബരിമല മുൻമേൽശാന്തിമാർ തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലകാലം തുടങ്ങാനിരിക്കെ സർക്കാരും ദേവസ്വം ബോർഡും കാണിക്കുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെ ശ്രദ്ധ ക്ഷണിക്കുക, ശബരിമലയിൽ നടപ്പാക്കേണ്ട ആചാര അനുഷ്ഠാനപരവും പ്രകൃതി സൗഹൃദപരവുമായ പരിഷ്കാരങ്ങൾ വിലയിരുത്തുക തുടങ്ങിയവയാണ് യോഗത്തിൽ ചർച്ച ചെയ്യുക.















