പാലക്കാട്: നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് പറയുന്നവർ തന്നെയാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കാൻ കാരണം, ദുർബലമായ നിലപാട് സ്വീകരിച്ച പ്രോസിക്യൂഷനാണെന്നും മുരളീധരൻ വിമർശിച്ചു. പാലക്കാട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ജില്ലാ കളക്ടറുടെ പങ്ക് എന്താണെന്ന് വ്യക്തമാകണം. കളക്ടറെ നിലനിർത്തി കൊണ്ട് നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്. ഈ പ്രശ്നം കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന ഗൗരവമായ വിഷയമാണ്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ താത്പര്യങ്ങൾക്കനുസരിച്ച് മാത്രമാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്. പത്ത് ദിവസത്തോളം പ്രതിയെ സംരക്ഷിക്കുകയും അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ്. കേസിൽ നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.
നിസാരമായ സംഭവമല്ലയിത്. പരാതിക്കാരാനായ പ്രശാന്തിന് പെട്രോൾ പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്ന് കിട്ടിയെന്നും അറിയേണ്ടതുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മാദ്ധ്യമങ്ങളെ എന്തിനാണ് കടന്നുവരാൻ അനുവദിച്ചത്. നവീൻ ബാബുവിനെ ദിവ്യ അധിക്ഷേപിച്ച സമയത്തെല്ലാം മൗനമായി എല്ലാം കേട്ടിരുന്ന കളക്ടർക്കും നവീൻ ബാബുവിന്റെ മരണത്തിൽ പങ്കുണ്ട്.
ജാമ്യം കിട്ടുന്നതിന്റെ തലേദിവസം ദിവ്യക്കെതിരെ സിപിഎം സ്വീകരിച്ച നടപടി ജനങ്ങളെ പറ്റിക്കാൻ വേണ്ടിയുള്ള നാടകമാണ്. സിപിഎം നിയമവാഴ്ചയെ അട്ടിമറിക്കുന്നു. നീതിയ്ക്ക് വേണ്ടിയുള്ള നവീൻ ബാബുവിന്റെ കുടുംബത്തിന്റെ പോരാട്ടത്തിൽ ബിജെപി കൂടെയുണ്ടായിരിക്കും. ആദ്യം നവീൻ ബാബുവിന് അനുകൂലമായ നിലപാട് സ്വീകരിച്ച കളക്ടർ, ഗൂഢാലോചനയ്ക്ക് ശേഷമാണ് നവീൻ ബാബുവിനെതിരായി മൊഴി നൽകിയതെന്നും വി മുരളീധരൻ പറഞ്ഞു.















