ഗിന്നസ് പക്രു എന്ന പ്രതിഭ നായകനായെത്തി തിളങ്ങിയ ചിത്രമാണ് അത്ഭുതദ്വീപ്. പൊക്കം കുറഞ്ഞ മനുഷ്യരെ ഉൾപ്പെടുത്തി നിർമിച്ച സിനിമയ്‌ക്ക് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ 300-ഓളം കൊച്ചു മനുഷ്യരാണ് അഭിനയിച്ചത്. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിനെ കുറിച്ച് വ്യക്തമാക്കുകയാണ് വിനയൻ. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ പുതിയ ചിത്രം ആനന്ദ് ശ്രീബാലയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് രണ്ടാം ഭാഗത്തെ കുറിച്ച് വിനയൻ പങ്കുവച്ചത്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. അത്ഭുതദ്വീപ് 2025 അവസാനത്തോടെ തിയേറ്ററുകളിലെത്തും. അതിന് മുമ്പ് സിജു വിൽസണിനെ നായകനാക്കി ഒരു ആക്ഷൻ സിനിമ നിർമിക്കാനാണ് തയാറാകുന്നത്. അത് ചെയ്തതിന് ശേഷമായിരിക്കും അത്ഭുതദ്വീപിലേക്ക് വരുന്നതെന്നും വിനയൻ പറഞ്ഞു.
അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ച് വിനയൻ നേരത്തെ പ്രേക്ഷകർക്ക് സൂചന നൽകിയിരുന്നു. ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ പൃഥ്വിരാജിനെ പ്രശംസിച്ചുകൊണ്ട് വിനയൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സൂചിപ്പിച്ചത്.
2005-ലാണ് അത്ഭുതദ്വീപ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണിമുകുന്ദനും ഉണ്ടാകുമെന്നാണ് വിവരം. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും അണിയറയിൽ ഉണ്ടാകും.